ലഖ്‌നൗ: പൊതുശൗചാലയത്തില്‍ വാതിലിന്റെ മറപോലുമില്ലാതെ അടുത്തടുത്തായി നാല് കക്കൂസുകള്‍. യു.പിയിലെ ബസ്തി ജില്ലയിലെ ധന്‍സ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
നാല് ഇന്ത്യന്‍ ക്ലോസറ്റുകളാണ് ചുമരുകളോ വാതിലുകളോ ഇല്ലാതെ പൊതുശൗചാലയത്തില്‍ അടുത്തടുത്തായി സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ഇത്തരത്തില്‍ കക്കൂസുകള്‍ സ്ഥാപിച്ചതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് വികസന വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
കക്കൂസ് നിര്‍മാണത്തില്‍ വലിയ വീഴ്ച വരുത്തിയെന്നും സംഭവം ജില്ല പഞ്ചായത്ത് അന്വേഷിക്കുമെന്നും ചീഫ് ഓഫിസര്‍ രാജേഷ് പ്രജാപതി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ടോയ്‌ലറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ കക്കൂസുകള്‍ തകര്‍ത്ത് തടിയൂരാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
‘ടോയ്‌ലറ്റുകള്‍ എപ്പോഴാണ് നിര്‍മിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. കുട്ടികള്‍ക്കായി നാല് ടോയ്‌ലറ്റുകള്‍ നിര്‍മിച്ചിരുന്നെങ്കിലും അത് പൂര്‍ത്തിയായിരുന്നില്ല. ഇപ്പോള്‍ അവ നീക്കം ചെയ്ത് പുതിയ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുകയാണ്,’ ഗ്രാമവാസിയായ രോംഭാല്‍ പറഞ്ഞതായി ഇന്ത്യാ ടുഡ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഉത്തര്‍പ്രദേശില്‍ ഒറ്റമുറിയില്‍ അടുത്തടുത്തായി രണ്ട് ടോയ്‌ലറ്റുകള്‍ പണിത നടപടിയും നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബസ്തി ജില്ലയിലെ തന്നെ ഗൗരദുണ്ട ഗ്രാമത്തില്‍ സര്‍ക്കാര്‍ നിര്‍മിച്ചതാണ് ഈ ടോയ്‌ലെറ്റുകളും.
യു.പി സര്‍ക്കാരിന്റെ ‘ഇസ്സത് ഘര്‍’ എന്ന പദ്ധതി പ്രകാരമായിരുന്നു ടോയ്‌ലറ്റ് കോംപ്ലക്സ് നിര്‍മിച്ചത്. പത്ത് ലക്ഷം രൂപയോളമായിരുന്നു ഇതിന്റെ നിര്‍മാണ ചിലവ്.
സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. ‘വികസനത്തിന്റെ യു.പി മോഡല്‍’ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്റര്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ടോയ്‌ലറ്റിന്റെ ചിത്രങ്ങള്‍ പങ്കുവെക്കപ്പെട്ടത്.
Content Highlight: Photo of four toilets with no door in UP’s Basti goes viral, probe ordered