ഹൈദരാബാദ്: ട്രാഫിക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഹെല്‍മെറ്റ് പോലും വെക്കാതെ അഞ്ച് പേരേയും വഹിച്ച് യാത്ര ചെയ്യുന്ന ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ചുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ആന്ധ്രപ്രദേശിലെ അനന്തപുരി റോഡിലാണ് സംഭവം. ട്രാഫിക് ലംഘനം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരന്‍ ബൈക്കിലെ അംഗസംഖ്യ കണ്ട് ഞെട്ടി. അഞ്ചുപേര്‍.
സംഗതി അതല്ല, റോഡ് സുരക്ഷാ ക്ലാസ് കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു പൊലീസുകാരനായ ഐ.ഐ ശുഭ്കുമാര്‍ ഈ കാഴ്ച കണ്ടത്. അതിനേക്കാള്‍ രസകരമായ സംഗതി ബൈക്ക് ഓടിച്ച ഹനുമന്തരയടു എന്ന ആളും ഈ റോഡ് സുരക്ഷാ ക്ലാസില്‍ ഉണ്ടായിരുന്നു എന്നതാണ്.
ബെക്കിന്റെ ടാങ്കിനു മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തിയായിരുന്നു ഹെല്‍മെറ്റ് പോലും ധരിക്കാതെകെ ഹനുമന്തരയടു ബൈക്ക് ഓടിച്ചിരുന്നത്.
“റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്‍. ആ ബോധവത്കരണ പരിപാടിയില്‍ ഹനുമന്തരയടുവും ഉണ്ടായിരുന്നു. പക്ഷെ ഇതേയാള്‍ നാലു പേരെ ഇരുത്തി അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച്ച കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അത്രനേരവും ഞാന്‍ പറഞ്ഞതൊക്കെ എന്തിനായിരുന്നെന്ന് തോന്നി. നിരാശ മൂത്ത് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നു. മാത്രമല്ല വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ അയാള്‍ എന്തോ പിറുപിറുക്കുകയും ചെയ്തു”- ശുഭ്കുമാര്‍ പറയുന്നു.
7ഒട്ടും ഉത്തരവാദിത്തമില്ലാതെയായിരുന്നു അയാള്‍ പെരുമാറിയത്. കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തിയതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ആരും ഹെല്‍മെറ്റ് പോലും ഉപയോഗിച്ചിരുന്നില്ല”- ഇദ്ദേഹം പറയുന്നു.
അതേസമയം ഇതല്ലാതെ മറ്റെന്തായിരുന്നു ശുഭ്കുമാര്‍ ചെയ്യേണ്ടിയിരുന്നത് എന്നാണ് ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് ഗോയല്‍ പ്രതികരിച്ചത്. ഞങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികള്‍ ഉണ്ട്. സുരക്ഷിതമായ വഴിയാണ് അദ്ദേഹം സ്വീകരിച്ചത്. – അഭിഷേക് ഗോയല്‍ പറയുന്നു.