| Tuesday, 30th January 2024, 4:47 pm

പുഷ്പയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോ ചോര്‍ന്നു; വൈറലായി അല്ലു അര്‍ജുന്റെ ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോ ലീക്കായി. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സെറ്റില്‍ അല്ലു അര്‍ജുന്‍ സാരി ധരിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ലീക്കായത്.

2024ല്‍ സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പുഷ്പ. സിനിമയുടെ പോസ്റ്ററിലും സാരി ധരിച്ചിട്ടുള്ള അല്ലു അര്‍ജുനിന്റെ ലുക്കായിരുന്നു ഉണ്ടായിരുന്നത്. ആ പോസ്റ്ററിലെ സമാനമായ സാരി തന്നെയാണ് ലീക്കായ ഈ ഫോട്ടോയിലും ഉള്ളത്.

പുഷ്പയുടെ സെറ്റില്‍ നിന്ന് ഫോട്ടോസ് ലീക്കാകുന്നത് ഇതാദ്യമായല്ല. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘പുഷ്പ: ദി റൈസി’ന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോയും സമാനമായ രീതിയില്‍ ലീക്കായിരുന്നു. അതോടെ പുറത്തുനിന്നുള്ളവരെ സെറ്റില്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.

2021ലായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ റിലീസായിരുന്നത്. ചിത്രത്തില്‍ അല്ലുവിന്റെ ലുക്കും ഡയലോഗും മാനറിസവുമെല്ലാം ആഗോളതലത്തില്‍ തന്നെ വൈറലായിരുന്നു. മികച്ച നടന്‍, സംഗീത സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ 2021ല്‍ ദേശീയ അവാര്‍ഡും പുഷ്പക്ക് ലഭിച്ചിരുന്നു.

സിനിമ വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദിയടക്കം വിവിധ ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിരുന്നു. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ കയറിയെന്നാണ് റിപ്പോര്‍ട്ട്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2024 ഓഗസ്റ്റ് 15നാകും തിയേറ്ററുകളിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷക ഘടകങ്ങളിലൊന്നാണ്. പുഷ്പ ഒന്നാം ഭാഗത്തിലെ നായിക രശ്മിക മന്ദാനയായിരുന്നു. രണ്ടാം ഭാഗത്തിലും നായിക രശ്മിക തന്നെയാണ്.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്നു.

Content Highlight: Photo from Pushpa movie’s sets leaked; Allu Arjun’s look went viral

Latest Stories

We use cookies to give you the best possible experience. Learn more