| Friday, 28th February 2020, 8:25 pm

'അഞ്ച് തലയെടുത്താല്‍ മുഖം മുഴുവന്‍ പച്ച കുത്തും യുദ്ധം ജയിച്ചാല്‍ നെഞ്ചില്‍ പച്ച കുത്തും';തലകള്‍ വെട്ടുന്ന നാട്ടില്‍ ചെന്ന് ഫോട്ടോകളുമായി തിരിച്ചുവന്ന അഖിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നാഗാലാന്‍ഡിലെ കൊന്യാക് ഗോത്രവിഭാഗത്തിന്റെ ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അഖിന്‍ കോമാച്ചി. മനുഷ്യനെ വേട്ടയാടി തലകള്‍ ശേഖരിക്കുന്ന ആദിമഗോത്രവിഭാഗത്തിന്റെ അതിവിചിത്രമായ ചിത്രങ്ങള്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുകയാണ് അഖിന്‍.

നാഗാലാന്‍ഡിലെ മലനിരകളില്‍ വസിക്കുന്ന 16 ഗോത്രവിഭാഗങ്ങളിലെ പ്രത്യേകതരം ജീവിത ശൈലി പുലര്‍ത്തുന്ന വിഭാഗമായ കൊന്യാക്കുകളുടെ ജീവിതശൈലി തന്നെ ഞെട്ടിച്ചുവെന്ന് അഖിന്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നാഗാലാന്‍ഡില്‍ എത്തിയപ്പോള്‍ തൊട്ട് കൊന്യാക്കുകളെപ്പറ്റിയുള്ള കഥകളാണ് ഞാന്‍ കേട്ടുകൊണ്ടിരുന്നത്. എത്രയും പെട്ടന്ന് അവിടെ എത്തണമെന്നായിരുന്നു മനസ്സില്‍. ഫോട്ടോഗ്രഫിയോട് ചെറുപ്പം മുതലേ വലിയൊരു ഇഷ്ടം മനസ്സിലുണ്ട്. അതുകൊണ്ട് കൊന്യാക്കുകളുടെ അരികിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അവിടെയെത്തിയ ഞാന്‍ ആദ്യം കാണുന്നത് മുഖത്ത് പച്ചകുത്തിയ ഒരു മനുഷ്യന്‍ നടന്നുവരുന്നതാണ്. മുഖത്തും നെഞ്ചിലുമെല്ലാം പച്ചകുത്തിയിരിക്കുന്നു. പിന്നീടാണ് ഞാന്‍ അറിയുന്നത് ഇവരാണ് ‘ഹെഡ് ഹണ്ടേഴ്‌സ’് എന്ന്. തലവേട്ടക്കാര്‍ എന്ന പേര് പോലെത്തന്നെ ശത്രുക്കളുടെ തലയെടുക്കലാണ് ഇവരുടെ പ്രധാന രീതി’.

കൊന്യാക് ഗോത്രവിഭാഗക്കാരന്‍

‘തലയെടുത്ത് അത് ശേഖരിച്ചുവെക്കുകയും ചെയ്യും ഇത്തരക്കാര്‍. അഞ്ച് തലയെടുത്താല്‍ മുഖം മുഴുവന്‍ പച്ച കുത്തും യുദ്ധം ജയിച്ചാല്‍ നെഞ്ചില്‍ പച്ച കുത്തും അങ്ങനെയാണ് അവര്‍ ചെയ്യുന്നത്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതരീതിയാണ് ഇവര്‍ പിന്തുടരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1500, 2500ഓളം മീറ്റര്‍ ഉയരമുള്ള പ്രദേശത്ത് ചെറിയ കൂരകളിലാണ് കൊന്യാക്കുകള്‍ ജീവിക്കുന്നത്. കരകൗശല വസ്തു നിര്‍മാണത്തിലൊക്കെ ഒട്ടേറെ മുന്നില്‍ നില്‍ക്കുന്ന ജനവിഭാഗമാണവര്‍. അവസാനമായി ഇവര്‍ തലവെട്ടിയത് 90 കാലഘട്ടങ്ങളിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പുതിയ തലമുറയിലെ ആളുകള്‍ തലവേട്ട നടത്താറില്ല. മുമ്പ് ശേഖരിച്ചുവെച്ച തലകള്‍ മണ്ണില്‍ കുഴിച്ചിട്ട് ആഘോഷങ്ങള്‍ക്ക് മാത്രമാണ് അവര്‍ അത് പുറത്തെടുക്കുന്നത്. വരാനിരിക്കുന്ന ഏപ്രിലില്‍ അവരുടെ ആഘോഷം നടക്കാനിരിക്കുകയാണ്’.

കൊന്യാക് ഗോത്രവിഭാഗക്കാരന്‍

കൊന്യാക് ഗോത്രവിഭാഗത്തെപ്പറ്റി സംസാരിക്കുമ്പോള്‍ അഖിന്റെ വാക്കുകളില്‍ ഇപ്പോഴും അത്ഭുതം നിറയുന്നു. കോഴിക്കോട് സ്വദേശിയും പ്രശസ്ത ഫോട്ടോഗ്രഫറുമായ അജീബ് കോമാച്ചിയുടെ മകനാണ് അഖിന്‍.

കൊന്യാക് വിഭാഗത്തിലെ പുതിയ തലമുറ

മറ്റൊരു സവിശേഷതയെന്തെന്നാല്‍ അഖിന്റെ വീട്ടില്‍ നാല് ഫോട്ടോഗ്രഫര്‍മാരാണുള്ളത്. അഖിന്‍ കോമാച്ചി, അഖിന്റെ അച്ഛന്‍ അജീബ് കോമാച്ചി, മൂത്ത സഹോദരന്‍ അഖില്‍ കോമാച്ചി, ഇളയ സഹോദരി അകിയ കോമാച്ചി. അകിയ കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം ഈയടുത്ത് നടത്തിയിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ വലിയൊരു ഫോട്ടോഗ്രഫറായി മാറുകയാണ് അകിയയും.

കൊന്യാക് കുടുംബം

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയാണ് അഖിന്‍. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം നസീര്‍ ആണ് അഖിന്റെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം മാര്‍ച്ച് ഒന്നിന് അവസാനിക്കും.

അഖിന്റെ ഫോട്ടോപ്രദര്‍ശനം ഡോ.കെ.എം നസീര്‍ ഉദ്ഘാടനം ചെയ്യുന്നു

Latest Stories

We use cookies to give you the best possible experience. Learn more