| Monday, 31st January 2022, 9:37 am

ഫോണ്‍ ഹാജരാക്കേണ്ടത് രാവിലെ 10.15ന്; മുന്‍ജാമ്യാപേക്ഷയിലും ദിലീപിന് ഇന്ന് നിര്‍ണായകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയേക്കും.

രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനാണ് ദിലീപിനോടും മറ്റുപ്രതികളോടും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണ്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കണം. രാവിലെ 10.15 ന് മുമ്പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുമ്പിലാണ് ഫോണുകള്‍ ഹാജരാക്കേണ്ടത്.

ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കേണ്ടത്.

ദിലീപ് ഫോറന്‍സിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചതായാണ് വിവരം. കോടതി തീരുമാനിക്കുന്ന ഏജന്‍സിയാവും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് നടത്തുക. ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ജാമ്യ ഹരജിയും ഇന്നാണ് പരിഗണിക്കുന്നത്.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക.കോടതിക്ക് കൈമാറുന്ന ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ദിലീപിന്റെ നാലാമത്തെ ഫോണ്‍ ഹാജരാക്കണമെന്ന കാര്യവും പ്രോസിക്യൂഷന്‍ തിങ്കളാഴ്ച കോടതിയില്‍ ഉന്നയിക്കും.

മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. അംഗീകൃത ഏജന്‍സികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഫോണുകള്‍ കേരളത്തില്‍ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഫോണില്‍ അഭിഭാഷകരുമായി സംസാരിച്ചത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങളുണ്ട്. ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപമായപ്പെടുത്താന്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി പ്രതികള്‍ എം.ജി. റോഡിലെ ഫ്‌ളാറ്റില്‍ ഒത്തുച്ചേര്‍ന്നു എന്ന് ക്രൈംബ്രാഞ്ച് പറയുന്ന സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്യും.

ദിലീപ്, അനൂപ്, സൂരജ് എന്നിവര്‍ പങ്കെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 2017 ഡിസംബറിലാണിത്. ഇതിനാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ല. നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

Latest Stories

We use cookies to give you the best possible experience. Learn more