ന്യൂദല്‍ഹി: 2019ല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. നേതാക്കളുടെ ഫോണ്‍ രേഖകളും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവരുടെ സെക്രട്ടറിമാരുടെ ഫോണും ചോര്‍ന്നിട്ടുണ്ട്. കുമാരസ്വാമിയുടെ സുരക്ഷ ഉദ്യോഗസ്ഥന്റെ ഫോണും ചോര്‍ത്തപ്പെട്ടതായി രേഖകള്‍ പറയുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ സെക്രട്ടറി സതീഷിന്റെ നമ്പറാണ് ലീക്ക് ചെയ്യപ്പെട്ടത്.
കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന കാലത്താണ് ഉപമുഖ്യമന്ത്രിയുടേതടക്കമുള്ള ഫോണ്‍ രേഖകള്‍ ചോര്‍ത്തിയതായുള്ള രേഖകള്‍ പുറത്ത് വരുന്നത്.
2019ലെ പ്രതിസന്ധിയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അധികാരം പിടിച്ചെടുക്കുന്നത്.
കോണ്‍ഗ്രസ്-ജെ.ഡി.എസ്. സര്‍ക്കാരിനെ താഴെയിറക്കിയതില്‍ ഫോണ്‍ ചോര്‍ത്തലിന് പങ്കുണ്ടാവാം. എന്നാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് തെളിയിക്കാന്‍ സാധിക്കൂ എന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ രേഖകളും ചോര്‍ന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 2018ലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നത്. ഇതിനും കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.