ഫോണ്‍ ഉപയോഗം; നിഷാമിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Daily News
ഫോണ്‍ ഉപയോഗം; നിഷാമിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th October 2016, 5:34 pm

തടവില്‍ കഴിയുമ്പോഴും നിഷാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് കേസ്. ജയിലില്‍ നിന്നും നിഷാം തന്റെ ബിസിനസ് നിയന്ത്രിക്കാറുണ്ടായിരുന്നു. ഫോണ്‍ ഉപയോഗത്തിലൂടെയായിരുന്നു ഇത്. 

തിരുവനന്തപുരം: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

തടവില്‍ കഴിയുമ്പോഴും നിഷാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് കേസ്. ജയിലില്‍ നിന്നും നിഷാം തന്റെ ബിസിനസ് നിയന്ത്രിക്കാറുണ്ടായിരുന്നു. ഫോണ്‍ ഉപയോഗത്തിലൂടെയായിരുന്നു ഇത്.

സംഭവത്തില്‍ ജയില്‍ ഡി.ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തമാസം കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ കേസ് പരിഗണിക്കും.

നിഷാം മൊബൈലിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഇയാളുടെ സഹോദരന്‍മാര്‍ കഴിഞ്ഞ ദിവസം പോലീസിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

എന്നാല്‍ നിഷാം ഫോണ്‍ വിളിച്ചത് പോലീസ് കസ്റ്റഡിയില്‍ ഇരുന്നപ്പോഴാണെന്ന് വ്യക്തമായതോടെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നിഷാമിനെ സഹായിച്ചതിന്റെ പേരില്‍ ഇതുവരെ കമ്മീഷണര്‍ ഉള്‍പ്പെടെ ഒമ്പതു പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുള്ളത്. ഒരാളെ തന്നെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ ഇത്രയും പേര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് ആദ്യമായാണ്.

നിഷാമിന് ജയിലിലും സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും പോലീസിന്റെ ഭാഗത്തുനിന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.