രാജ്യത്ത് പതിനായിരത്തിലേറെ പേരുടെ ഫോണ്‍ ചോര്‍ത്തുന്നു
India
രാജ്യത്ത് പതിനായിരത്തിലേറെ പേരുടെ ഫോണ്‍ ചോര്‍ത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th October 2012, 12:30 am

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്ത് പതിനായിരത്തിലേറെ പേരുടെ ഫോണുകള്‍ നിയമാനുസൃതമായ മാര്‍ഗത്തില്‍ ചോര്‍ത്തുന്നതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

പോലീസും സൈന്യവും ഉള്‍പ്പെടെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടിയാണ് ഇത്രയും ഫോണുകള്‍ ചോര്‍ത്തുന്നത്. ഇതിന് പുറമെ 1200 പേരുടെ ഇമെയില്‍ അക്കൗണ്ടുകളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ട്. []

ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് അനുസരിച്ചാണ് ഇത്രയും ഫോണുകളും ഇ-മെയില്‍ വിലാസങ്ങളും ചോര്‍ത്തുന്നത്. ഫോണ്‍ ചോര്‍ത്തലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന ഉത്തരവുകള്‍ പരിശോധിക്കുന്ന ഉന്നതതല സമിതിയാണ് ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടത്

ഏറ്റവും കൂടുതല്‍ ഫോണ്‍ ചോര്‍ത്തല്‍ അനുമതി തേടിയിട്ടുള്ളത് ഇന്റലിജന്‍സ് ബ്യൂറോയാണ്. 6000 പേരുടെ ഫോണുകളാണ് ഐ.ബി ചോര്‍ത്തുന്നത്. ഇതില്‍ 2100 അപേക്ഷകള്‍ ആഗസ്റ്റ് മാസത്തില്‍ മാത്രം നല്‍കിയതാണ്.

738 അപേക്ഷകള്‍ നല്‍കിയ ദല്‍ഹി പോലീസാണ് തൊട്ടുപിറകിലുള്ളത്. ആര്‍മി സിഗ്നല്‍ ഇന്റലിജന്‍സ് 1100 പേരുടെ ഫോണുകളാണ് ചോര്‍ത്തുന്നത്. ഇവയില്‍ 577 അപേക്ഷകള്‍ കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ നല്‍കിയതാണ്. ഡയരക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 160 പേരുടെ ഫോണുകളാണ് ചോര്‍ത്തുന്നത്.