| Saturday, 6th July 2013, 9:58 am

കോളുകളുടെ വിശദാംശങ്ങള്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ലഭിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ കൊണ്ടുവരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു ഏജന്‍സിക്കും ഇനി ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ല. []

സംസ്ഥാനങ്ങളിലെ കേസുകളില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സികളുടെ കേസുകളില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിമാരുമാണ് അനുമതി നല്‍കേണ്ടത്.

ഇനിമുതല്‍ ആറ് മാസത്തിലധികം ഫോണ്‍കോള്‍ വിശദാംശങ്ങള്‍ സൂക്ഷിക്കാനാവില്ലെന്ന ശുപാര്‍ശയും കരട് രേഖയിലുണ്ട്.

നിയമമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ടെലഗ്രാഫ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

നിലവിലെ ടെലഗ്രാഫ് ആക്ടില്‍ 16 ഭേദഗതി നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നോട്ടു വെച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിമാരുടെ അനുമതിയോടെ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം.

ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍വിളികളുടെ രേഖകള്‍ ചോര്‍ന്നത് വിവാദമായതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗരേഖ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനു വേണ്ട കരടുരേഖ ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. നിലവിലെ ടെലിഗ്രാഫ് ആക്ടില്‍ ഭേദതഗി വരുത്തുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more