| Saturday, 9th April 2022, 12:57 pm

'എനിക്ക് നിങ്ങളെ ഭയമാണ്'; ദിലീപും കാവ്യ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖകളും ക്രൈംബ്രാഞ്ചിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് അന്വേഷണ സംഘം. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ദിലീപും കാവ്യ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

‘എനിക്ക് നിങ്ങളെ ഭയമാണ്,’ എന്ന് കാവ്യ കരഞ്ഞുകൊണ്ട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്നാണ് വിവരം. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഫോണില്‍ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങളടങ്ങുന്ന ഡിജിറ്റല്‍ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

അക്രമത്തിനിരയായ നടിയും കാവ്യ മാധവനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ലാപ്ടോപ്പ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളടങ്ങിയ ലാപ്ടോപ്പ് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ ഓഫീസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാപ് ടോപ്പ് കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘം ഉന്നതതല യോഗം ചേരും. ഇതിനുശേഷമായിരിക്കും തുടര്‍നടപടിയെന്നാണ് വിവരം.

സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയതതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ദിലീപിന്റെ ഫോണിലെ ഐ മാക്കും ലാപ് ടോപ്പും അഭിഭാഷകരുടെ കസ്റ്റഡിയിലാണെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയത്.

അഡ്വക്കേറ്റ് ഫിലിപ്പ് ഇവ രണ്ടും വാങ്ങി രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടുവെച്ചു. താന്‍ ഒളിവില്‍ ആയിരുന്ന സമയത്ത് ഇവ പൊലീസിന്റെ കയ്യില്‍പ്പെടുമെന്ന് പറഞ്ഞാണ് ലാപ് ടോപ്പും ഐ മാക്കും കൊണ്ടുപോയതെന്നും സായ് ശങ്കര്‍ പറഞ്ഞു.

Content Highlights: Phone call between Kavya Madhavan and Dileep is out

We use cookies to give you the best possible experience. Learn more