തിയേറ്ററുകളില്‍ ഇടിയുടെ പെരുമഴ തീര്‍ത്തുകൊണ്ട് മുന്നേറുകയാണ് മമ്മൂട്ടി നായകനായ ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടര്‍ബോ ജോസായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഒരു മാസ് മസാല ആക്ഷന്‍ സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ന്ന സിനിമയാണ് ടര്‍ബോ. പ്രായം മറന്നുകൊണ്ടുള്ള മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ തിയേറ്റര്‍ പൂരപ്പറമ്പാക്കുന്നവയാണ്.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചര്‍ച്ചയാകുന്നതിന് പിന്നില്‍ ഒറ്റപ്പേര് മാത്രമേയുള്ളൂ, ഫീനിക്‌സ് പ്രഭു. സിനിമയുടെ സെക്കന്‍ഡ് ഹാഫിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റും, ക്ലൈമാക്‌സിലെ ഫൈറ്റുമെല്ലാം കൈയടികളും ആര്‍പ്പുവിളികളുമായി ആഘോഷിക്കുമ്പോള്‍ പ്രഭുവും കൈയടി അര്‍ഹിക്കുന്നുണ്ട്. കള, മാവീരന്‍ എന്നീ സിനിമകളുടെ ആക്ഷന്‍ കൊരിയോഗ്രഫി ചെയ്ത ഫീനിക്‌സ് പ്രഭുവിന്റെ പുതിയ പ്രൊജക്ട് ടൊവിനോ ചിത്രം ഐഡന്റിറ്റിയാണ്.
ടര്‍ബോയ്ക്ക് മുമ്പ് പ്രഭു ആക്ഷന്‍ കൊറിയോഗ്രഫി ചെയ്ത സിനിമയായിരുന്നു ശിവകാര്‍ത്തികേയന്‍ നായകനായ മാവീരന്‍. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള സൂപ്പര്‍ഹീറോ ചിത്രമായിരുന്നു മാവീരന്‍. സിനിമയിലെ ആക്ഷന്‍ രംഗങ്ങളെല്ലാം വളരെയധികം പ്രത്യേകതകളുള്ളവയായിരുന്നു. എങ്ങനെയാണ് താന്‍ ഫൈറ്റ് ചെയ്യുന്നതെന്ന് പോലും അറിയാത്ത തരത്തില്‍ സിനിമയിലെ നായകന്‍ ഫൈറ്റ് ചെയ്യുന്ന സീനിന് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്ത വിധം ഗംഭീരമായിരുന്നു.
ടര്‍ബോയിലേക്ക് എത്തുമ്പോഴും ഒട്ടും വിട്ടുവീഴ്ചയില്ലാതെ തന്നെയാണ് പ്രഭു ആക്ഷന്‍ സീനുകള്‍ ഒരുക്കിയിരിക്കുന്നത്. നാടന്‍ തല്ല് മാത്രമറിയുന്ന ജോസ് ക്ലൈമാക്‌സില്‍ വിയറ്റ്‌നാമീസ് ഫൈറ്റര്‍മാരോട് നടത്തുന്ന ഫൈറ്റ് കൊറിയോഗ്രഫി ചെയ്ത വിധം കൈയടി അര്‍ഹിക്കുന്നതാണ്. അതുപോലെ പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള ഫൈറ്റും ഗംഭീരമായിരുന്നു. സിനിമയുടെ ഴോണറിനോട് നീതി പുലര്‍ത്തുന്ന തരത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന ഫീനിക്‌സ് പ്രഭു ഇനിയും മികച്ച സിനിമകളുടെ ഭാഗമാകുമെന്ന് ഉറപ്പാണ്.
Content Highlight: Phoenix Prabhu’s action choreography in Turbo movie