| Tuesday, 25th July 2023, 5:29 pm

ഫുട്‌ബോള്‍ ലോകത്ത് ഈ പേരും കൂടി എഴുതിവെച്ചോ; ലോകകപ്പിലെ ആദ്യ വിജയവുമായി ഫിലിപ്പിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം നേടി ഫിലിപ്പീന്‍സ്. വനിതാ ലോകകപ്പില്‍
സഹ-ആതിഥേയരായ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ചാണ് ഫിലിപ്പിന്‍സിന്റെ ആദ്യ ജയം നേടിയത്. ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അട്ടിമറി വിജയം.

ന്യൂസിലാന്‍ഡ് ഫുട്‌ബോള്‍ ആരാധകരെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തിലായിരുന്നു ഫിലിപ്പീന്‍സിന്റെ ചരിത്ര വിജയം. 24ാം മിനിറ്റില്‍ ഫിലിപ്പീന്‍സിന്റെ സറീന ബോള്‍ഡനാണ് മാച്ച് വിന്നിങ്ങ് ഗോള്‍ നേടിയത്.

മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഒരുതവണ വലകുലുക്കിയെങ്കിലും റഫറി ഈ ഗോള്‍ അനുവദിച്ചില്ല. സൂപ്പര്‍ താരം ഹന്ന വില്‍ക്കിന്‍സന്റെ ക്രോസില്‍ നിന്ന് ജാക്വി ഹാന്‍ഡ നേടിയ സമനില ഗോളാണ് ഓഫ് സൈഡ് വിധിച്ചത്.

 


അഞ്ച് ദിവസം മുമ്പ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നോര്‍വേയെ അട്ടിമറിച്ച് ന്യൂസിലാന്‍ഡ് തങ്ങളുടെ ആദ്യ ലോകകപ്പ് വിജയം നേടിയിരുന്നു. എന്നാല്‍ ഫിലിപ്പീന്‍സിന്റെ മുന്നില്‍ അവര്‍ക്ക് മുട്ടുകുത്തേണ്ടി വന്നു.



ഗോള്‍ കീപ്പര്‍ മക്ഡാനിയേലിന്റെ മികച്ച പ്രകടമാണ് ഫിലിപ്പീന്‍സ് വിജയത്തില്‍ നിര്‍ണായകമായത്. കളിയുടെ മറ്റെല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയ ന്യൂസിലാന്‍ഡിന് ഗോള്‍ മാത്രം നേടാനായില്ല. 69 ശതമാനത്തില്‍ കൂടുതല്‍ സമയവും പന്ത് കൈവെച്ചത് ന്യൂസിലാന്‍ഡായിരുന്നു.

ന്യൂസിലാന്‍ഡ് ഫിലിപ്പീന്‍സ് പോസ്റ്റിലേക്ക് 18 തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍,
വെറും നാല് ഷോട്ടാണ് ഫിലിപ്പീന്‍സിന്റെ ഭാഗത്തുനിന്ന് ഉണ്ടയത്. ന്യൂസിലാന്റിന്റെ നാല് ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് വീണപ്പോള്‍ ഫിലിപ്പീന്‍സിന്റെ ഭാഗത്തുനിന്ന് വന്ന ഏക ഓണ്‍ ടാര്‍ഗറ്റ് ഗോളായി മാറുകയായിരുന്നു.

ഗ്രൂപ്പ് എയില്‍ ഞായറാഴ്ച ന്യൂസിലന്‍ഡ് സ്വിറ്റ്സര്‍ലന്‍ഡിനെയും ഫിലിപ്പീന്‍സ് നോര്‍വെയെയും നേരിടും. ഈ മത്സര ഫലം കേന്ദ്രീകരിച്ചാകും നോക്കൗട്ട് സാധ്യതകള്‍.

Content Highlight: Philippines won the first World Cup in history

We use cookies to give you the best possible experience. Learn more