റോഹിങ്ക്യ മുസ്‌ലീങ്ങള്‍ക്ക് അഭയം നല്‍കാമെന്ന് ഫിലിപ്പീന്‍സ്
Daily News
റോഹിങ്ക്യ മുസ്‌ലീങ്ങള്‍ക്ക് അഭയം നല്‍കാമെന്ന് ഫിലിപ്പീന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2015, 5:18 pm

rohingyaമനില: അഭയം തേടാന്‍ ഇടമില്ലാതെ ദുരിതമനുഭവിക്കുന്ന റോഹിങ്ക്യ മുസ്ലീം അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഫിലിപ്പീന്‍സ്. മ്യാന്‍മറില്‍ നിന്നും ഭയന്നോടിയ ഇവര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറായി വരുന്ന ആദ്യത്തെ രാജ്യമാണ് ഫിലിപ്പീന്‍സ്.

മ്യാന്‍മറില്‍ നിന്നും ജലാതിര്‍ത്തി കടന്ന് മറ്റു രാഷ്ട്രങ്ങളില്‍ അഭയം തേടുന്ന ആയിരക്കണക്കിന് റോഹിങ്ക്യകളുടെ അവസ്ഥ അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിരുന്നു. വെള്ളവും ഭക്ഷണവുമില്ലാതെ കടലില്‍ കപ്പലില്‍ ദുരിതമനുഭവിച്ച് കഴിയുന്ന ഇവരെ ഏറ്റെടുക്കാന്‍ മറ്റൊരു എഷ്യന്‍ രാജ്യവും തയ്യാറായിരുന്നില്ല.

എഴുപതുകളില്‍ വിയറ്റ്‌നാമീസ് സഞ്ചാരികള്‍ക്ക് അഭയം നല്‍കിയത് പോലെ കപ്പലിലുള്ള ജനങ്ങള്‍ക്ക് മാനുഷിക പിന്തുണയും സഹായവും തങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ബെനിഗ്നോ അക്വിനോയുടെ വക്താവ് ഹെര്‍മിനിറ്റോ കൊളോമ പറഞ്ഞു.

അതേസമയം ഇത് പ്രതീക്ഷയുളവാക്കുന്നതാണെന്നും ഇത് മാതൃകയാക്കി പ്രദേശത്തെ മറ്റു രാജ്യങ്ങളും രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ വക്താവ് ജോ ലോവ്‌റി പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരായാണ് മ്യാന്‍മറിലെ ബുദ്ധിസ്റ്റുകള്‍ റോഹിങ്ക്യകളെ കാണുന്നത്. മ്യാന്‍മര്‍ ഭരണകൂട ഭീകരതകള്‍ക്കു നടുവില്‍ കഴിയുന്ന റോഹിങ്ക്യകള്‍ക്കു മുമ്പില്‍ നാടുവിടുകയല്ലാതെ മറ്റൊരു വഴിയുമില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 120,000 പേരാണ് ഇവിടെ നിന്നും വിവിധ രാജ്യങ്ങളിലേക്കു കടന്നത്.

1.3 മില്യണ്‍ റോഹിങ്ക്യകളാണ് മ്യാന്‍മറിലുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ മിക്കയാളുകള്‍ക്കും ഇവിടെ പൗരത്വം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നത്.

കടലില്‍ നരകയാതനയില്‍ കഴിഞ്ഞ അഭയാര്‍ത്ഥികളെ തുരത്താന്‍ ഇന്തോനേഷ്യ നാലു പടക്കപ്പലുകളും ഒരു വിമാനവും വിന്യസിച്ചിരുന്നു. ഇവര്‍ക്ക് സഹായം നല്‍കരുതെന്ന് മത്സ്യ തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തായ്‌ലന്റ്, മലേഷ്യ എന്നീ രാജ്യങ്ങളും അഭയാര്‍ത്ഥികള്‍ക്കു മുമ്പില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലോകത്തിന് മാതൃകയായി ഫീലിപ്പീന്‍സ് രംഗത്ത് വന്നിരിക്കുന്നത്.