| Tuesday, 20th March 2018, 11:46 am

വിവാഹമോചനം നിയമവിധേയമാക്കാനൊരുങ്ങി ഫിലിപ്പിന്‍സ്; എതിര്‍പ്പുമായി പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: വിവാഹമോചനം നിയമവിധേയമാക്കാനൊരുങ്ങി ഫിലിപ്പിന്‍സ്. എണ്‍പത് ശതമാനം പൗരന്‍മാരും കാത്തോലിക്കാ വിശ്വാസികളായ രാജ്യത്ത്, തിങ്കളാഴ്ചയാണ് പ്രസിഡന്റിന്റെ എതിര്‍പ്പ് നിലനില്‍ക്കെ വിവാഹമോചനം നിയമവിധേയമാക്കുന്ന ബില്ല് ലോവര്‍ ഹൗസ് ഓഫ് കോണ്‍ഗ്രസ് പാസ്സാക്കുന്നത്.

എന്നാല്‍ ഈ ബില്ല് നിയമമായി മാറണമെങ്കില്‍ സെനറ്റിന്റെ അംഗീകാരംകൂടി ആവശ്യമാണ്. സെനറ്റില്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുടെര്‍ട്ടിന് തന്റെ വീറ്റോ അധികാരം ഉപയോഗപ്പെടുത്തി ബില്ലിനെ തടയാനും കഴിയും.

നിലവിലെ നിയമം അനുസരിച്ച് ഫിലിപ്പിന്‍സില്‍ വിവാഹമോചനം സാധ്യമല്ല. എന്നാല്‍ പങ്കാളികളുടെ മാനസികാരോഗ്യ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് വിവാഹം റദ്ദ് ചെയ്യാന്‍ സാധിക്കും. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കാനായി പത്തുവര്‍ഷം വരെ എടുക്കാറുണ്ട്. പ്രസിഡന്റ് ഡ്യുടെര്‍ട്ടും ഇത്തരത്തില്‍ വിവാഹം റദ്ദ് ചെയ്തയാളാണ്. വിവാഹമോചന ബില്ല് വിവാഹമോചിതരുടെ മക്കളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ആകുലപ്പെടുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

വിവാഹമോചന ബില്ല് നിയമമായാല്‍ വിവാഹമോചനവും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ പുനര്‍വിവാഹവും നിയമാതീതമാകും. ഈ ബില്ല് പ്രകാരം വിവാഹമോചിതരാകുന്ന ദമ്പതികളുടെ ഏഴുവയസ്സിന് താഴെയുള്ള കുട്ടികള്‍ അമ്മമാരോടൊപ്പമാണ് കഴിയേണ്ടത്. അതേസമയം, വിവാഹമോചനം നിയമവിധേയമാക്കുന്നതിനെ എതിര്‍ത്ത് പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്ത് ഫിലിപ്പിന്‍സിലും വത്തിക്കാന്‍ സിറ്റിയിലും മാത്രമാണ് വിവാഹമോചനം നിയമവിരുദ്ധമായി നിലനില്‍ക്കുന്നത്.


Also Read: ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി സുഷമ സ്വരാജ്

We use cookies to give you the best possible experience. Learn more