മനില: ഫിലിപ്പീന്‍സിന്റെ പുതിയ പ്രസിഡന്റായി ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ അധികാരമേറ്റു.
മയക്കുമരുന്ന് ഇടപാടുകളുടെയും അഴിമതിയുടെയും ആരോപണങ്ങള്‍ നേരിട്ട റോഡ്രിഗോ ഡ്യുടെര്‍ടെ സ്ഥാനമൊഴിയുകയും മാര്‍ക്കോസ് ജൂനിയര്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
അന്തരിച്ച ഫിലിപ്പീന്‍സ് ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ മകനാണ് ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ പൊളിറ്റിക്കല്‍ ഡൈനാസ്റ്റിയാണ് മാര്‍ക്കോസ് കുടുംബം.
36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫിലിപ്പീന്‍സിലെ മാര്‍ക്കോസ് കുടുംബത്തിന്റെ കൈകളിലേക്ക് രാജ്യാധികാരം എത്തുന്നത്.
മുന്‍ പ്രവിശ്യാ ഗവര്‍ണറും സെനറ്ററുമായ 64കാരനായ മാര്‍ക്കോസ് ജൂനിയര്‍ ‘ബോംഗ്ബോംഗ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
”നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല, അതുകൊണ്ട് നിങ്ങള്‍ ഭയക്കേണ്ടതില്ല,” പ്രസിഡന്റായി അധികാരമേറ്റ ശേഷം മാര്‍ക്കോസ് ജൂനിയര്‍ പ്രതികരിച്ചു. തന്റെ പിതാവിന്റെ ഭരണത്തെ പുകഴ്ത്തിക്കൊണ്ടും അദ്ദേഹം സംസാരിച്ചു.
മേയ് ആദ്യ വാരമായിരുന്നു ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
1986ലെ ജനകീയ പ്രക്ഷോഭ സമയത്ത് മാര്‍ക്കോസ് കുടുംബം ഹവായിയിലേക്ക് പലായനം ചെയ്തിരുന്നു. ഇതോടെയാണ് ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ 1965 മുതല്‍ 20 വര്‍ഷക്കാലം നീണ്ടുനിന്ന സ്വേച്ഛാധിപത്യത്തിന് വിരാമമായത്.
അഴിമതിയിലൂടെ മാര്‍ക്കോസ് കുടുംബം നേടിയ സ്വത്തുക്കള്‍ അന്ന് സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. മാര്‍ക്കോസ് ജൂനിയര്‍ അധികാരത്തിലേറിയാല്‍ അവയെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നേക്കാമെന്നും പ്രതിപക്ഷം അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Philippines’ late dictator’s son Ferdinand Marcos Jr sworn in as the country’s new president