| Wednesday, 29th June 2022, 7:57 am

റാപ്ലര്‍ വാര്‍ത്താ വെബ്‌സൈറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഫിലിപ്പീന്‍സ് സര്‍ക്കാര്‍; വെളിപ്പെടുത്തി നൊബേല്‍ ജേതാവ് മരിയ റെസ്സ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: തങ്ങള്‍ നടത്തുന്ന വാര്‍ത്താ വെബ്‌സൈറ്റായ റാപ്ലര്‍ (Rappler) അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി വെളിപ്പെടുത്തി ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തകയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവുമായ മരിയ റെസ്സ.

റാപ്ലറിന്റെ സി.ഇ.ഒയും സഹസ്ഥാപകയുമായ മരിയ റെസ്സ ചൊവ്വാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. റാപ്ലറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഫിലിപ്പീന്‍സിലെ റോഡ്രിഗോ ഡ്യുടെര്‍ടെ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഭരണരീതിയുടെ തുടര്‍ച്ചയായാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള ഈ നീക്കവും വിലയിരുത്തപ്പെടുന്നത്.

റാപ്ലര്‍ വെബ്‌സൈറ്റിന്റെ ഓപ്പറേറ്റിങ് ലൈസന്‍സ് എടുത്തുകളയാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (Philippine Securities and Exchange Commissionþ PSEC) തീരുമാനിച്ചതായി ഹവായ്‌യിലെ ഹൊനലുലു നഗരത്തില്‍ വെച്ച് നടന്ന ഈസ്റ്റ്- വെസ്റ്റ് സെന്റര്‍ ഇന്റനാഷണല്‍ മീഡിയ കോണ്‍ഫറന്‍സില്‍ (East-West Center’s International Media Conference) വെച്ച് മരിയ റെസ്സ വെളിപ്പെടുത്തി.

റാപ്ലറിന്റെ ലൈസന്‍സ് എടുത്തുകളയാന്‍ നേരത്തെ എടുത്ത തീരുമാനം പി.എസ്.ഇ.സി ശരി വെക്കുകയായിരുന്നു. 2018 ജനുവരിയിലായിരുന്നു ഫോറിന്‍ ഓണര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് ആദ്യമായി റാപ്ലറിന്റെ ലൈസന്‍സ് എടുത്തുകളയാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ നടപടികള്‍ കൃത്യതയുള്ളതല്ലെന്നും തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്നും മരിയ റെസ്സ വ്യക്തമാക്കി.

റോഡ്രിഗോ ഡ്യുടെര്‍ടെ സര്‍ക്കാരിന്റെ അഴിമതി ഭരണത്തെക്കുറിച്ചും മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും നിരന്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന മാധ്യമമാണ് മരിയ റെസ്സയുടെ റാപ്ലര്‍. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി പ്രതികാര നടപടികളും ഇവര്‍ക്ക് നേരിടേണ്ടി വരാറുണ്ട്.

നൊബേല്‍ പുരസ്‌കാര നേട്ടത്തോടെ മരിയയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടുകയായിരുന്നു.

2021ലായിരുന്നു മരിയയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറടോവിനൊപ്പമായിരുന്നു മരിയ പുരസ്‌കാരം പങ്കുവെച്ചത്.

അതേസമയം, ദിമിത്രി മുറടോവി് ഈയിടെ തന്റെ നൊബേല്‍ മെഡല്‍ ലേലം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. 103.5 മില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് തുകയ്ക്കായിരുന്നു മെഡല്‍ ലേലത്തില്‍ വിറ്റുപോയത്.

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വീടുവിട്ട് പോകേണ്ടി വരുന്ന ഉക്രൈനിലെ കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടിയുള്ള യുനിസെഫിന്റെ പദ്ധതികളിലേക്കായിരുന്നു ലേലത്തുക നല്‍കിയത്. മെഡല്‍ വില്‍ക്കുന്നതിന് പുറമെ താന്‍ അഞ്ച് ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുമെന്നും മുറടോവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വതന്ത്ര റഷ്യന്‍ പത്രമായ നൊവായ ഗസെറ്റയുടെ (Novaya Gazeta) സ്ഥാപകന്‍ എന്ന രീതിയിലായിരുന്നു മുറടോവിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുറടോവായിരുന്നു. എന്നാല്‍ റഷ്യ ഉക്രൈനില്‍ ആക്രമണമാരംഭിച്ചതിന് പിന്നാലെ, കഴിഞ്ഞ മാര്‍ച്ചില്‍ പത്രം അടച്ചുപൂട്ടുകയായിരുന്നു.

Content Highlight: Philippines government moves to shut down news Organisation Rappler founded by Nobel laureate Maria Ressa

We use cookies to give you the best possible experience. Learn more