| Tuesday, 8th March 2022, 9:51 am

പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി ഫിലിപ്പീന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: ഫിലിപ്പീന്‍സില്‍ പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 12 വയസുണ്ടായിരുന്ന പ്രായപരിധി 16 വയസായാണ് ഉയര്‍ത്തിയത്.

പരസ്പര സമ്മതപ്രകാരം സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെ കുറഞ്ഞ പ്രായപരിധിയാണ് 12ല്‍ നിന്നും 16 ആക്കി ഉയര്‍ത്തിയത്.

ഏകദേശം നൂറുവര്‍ഷത്തോളം രാജ്യത്ത് നിലനിന്ന 12 വര്‍ഷത്തിന്റെ പ്രായപരിധിയാണ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടെയുടെ സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്. 1930ലായിരുന്നു പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് 12 വയസ് പ്രായപരിധി രാജ്യത്ത് നടപ്പിലാക്കിയത്.

ഇത് 16 വയസാക്കിക്കൊണ്ടുള്ള പുതിയ ബില്ലില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ഡുട്ടര്‍ട്ടെയാണ് നിയമം പാസാക്കിയത്. വെള്ളിയാഴ്ചയായിരുന്നു പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ചത്.

പ്രസിഡന്റിന്റെ ഓഫീസ് തന്നെയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി തിങ്കളാഴ്ച അറിയിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്നും പീഡനത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നീക്കമെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയത്.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ 16 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിയമവിരുദ്ധവും 40 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി കണക്കാക്കും.

യൂണിസെഫിന്റെ ഡാറ്റ പ്രകാരം പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവും കുറഞ്ഞ പ്രായം (11വയസ്) നിശ്ചയിച്ചിട്ടുള്ള രാജ്യം നൈജീരിയയാണ്. ഇതിന്റെ തൊട്ടുപിന്നിലായിരുന്നു ഫിലിപ്പീന്‍സിന്റെ സ്ഥാനം.

ഫിലിപ്പീന്‍സില്‍ 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായി 2015ല്‍ രാജ്യവ്യാപകമായി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞതായി യൂണിസെഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയതും ഇതിന് താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാക്കിയതും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറക്കുമെന്നാണ് ഫിലിപ്പീന്‍സിന്റെ വിവിധ കോണുകളില്‍ നിന്നുമുയരുന്ന പ്രതികരണം.

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും പുതിയ നിയമത്തെ സ്വാഗതം ചെയ്തു.


Content Highlight: Philippine president Rodrigo Duterte approves bill raising sex consent age from 12 to 16

We use cookies to give you the best possible experience. Learn more