| Saturday, 20th August 2022, 2:07 pm

'കമ്മ്യൂണിസ്റ്റ്- തീവ്രവാദ ഗ്രൂപ്പുകളുമായി' ബന്ധമുണ്ടെന്നാരോപിച്ച് വാര്‍ത്താ വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടുന്നു; ഫിലിപ്പീന്‍സില്‍ മാധ്യമപ്രവര്‍ത്തനം ഭീഷണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: ഫിലിപ്പീന്‍സില്‍ പുതിയ പ്രസിഡന്റ് മാര്‍ക്കോസ് ജൂനിയറിന്റെ കീഴിലും രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം വലിയ വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്.

‘ബോംഗ്‌ബോംഗ്’ എന്ന പേരിലറിയപ്പെടുന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ ഇക്കഴിഞ്ഞ ജൂണില്‍ അധികാരമേറ്റതിന് പിന്നാലെ തൊട്ടുമുമ്പത്തെ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെയെ പോലെ അദ്ദേഹവും മാധ്യമങ്ങള്‍ക്ക് മേല്‍ മൂക്കുകയറിടുന്നു എന്നാണ് അല്‍ ജസീറയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തന്റെ മുന്‍ഗാമിയായ റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെയുടെ അതേരീതിയില്‍ കടുത്ത നിലപാടുകളാണ് മാര്‍ക്കോസ് ജൂനിയര്‍ ഭരണകൂടവും മാധ്യമങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ജൂണ്‍ മാസത്തില്‍ രാജ്യത്ത് രണ്ട് ഡസനിലധികം വാര്‍ത്താ വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.

‘കമ്മ്യൂണിസ്റ്റ്- തീവ്രവാദ ഗ്രൂപ്പുകളുമായി’ ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു നടപടി. ഫിലിപ്പീന്‍സ് ദേശീയ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (എന്‍.ടി.സി) ടാര്‍ഗറ്റ് ചെയ്യുന്നവയില്‍ രണ്ട് മാധ്യമ സംഘടനകളും ഉള്‍പ്പെടുന്നു. സ്വതന്ത്ര വാര്‍ത്താ സൈറ്റായ പിനോയ് വീക്കിലിയും (Pinoy Weekly) ഓണ്‍ലൈന്‍ പബ്ലിക്കേഷനായ ബുലാത്ലത്തുമായിരുന്നു (Bulatlat) ഇവ.

ഇതിന് പുറമെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായ മരിയ റെസ്സയുടെ റാപ്ലര്‍ എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ ഓപ്പറേറ്റിങ് ലൈസന്‍സ് പിന്‍വലിക്കാന്‍ ഫിലിപ്പീന്‍സിന്റെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി) തീരുമാനിച്ചിരുന്നു.

നേരത്തെ ഡ്യുട്ടെര്‍ട്ടിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹെര്‍മോജെനസ് എസ്പറോണ്‍ ജൂനിയര്‍ ആന്റി ടെറര്‍ കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സിനെ ‘ഭീകരവാദികള്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു.

മേയ് ആദ്യ വാരമായിരുന്നു ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
അന്തരിച്ച ഫിലിപ്പീന്‍സ് ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ മകനാണ് 64കാരനായ ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍.

Content Highlight: Philippine media under tight pressure as Ferdinand Marcos Jr’s rule

We use cookies to give you the best possible experience. Learn more