| Monday, 11th December 2023, 3:38 pm

ദക്ഷിണ ചൈന കടലിലെ ഏറ്റുമുട്ടല്‍; ചൈനീസ് അംബാസിഡറെ പുറത്താക്കാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: ഫിലിപ്പീന്‍സ് കപ്പലുകള്‍ക്ക് നേരെ ചൈന നടത്തിയ ആക്രമണത്തില്‍ ചൈനീസ് അംബാസിഡറെ പുറത്താക്കുന്നത് പരിഗണനയിലെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍. ദക്ഷിണ ചൈന കടലിലെ ഫിലിപ്പിനോ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ചൈന ജലപീരങ്കി പ്രയോഗിച്ചതായി ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ഫിലിപ്പീന്‍സ് നയതന്ത്രപരമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും, വിഷയത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി ചൈനീസ് അംബാസിഡറെ വിളിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് തെരേസിത ദാസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആക്രമണത്തില്‍ ഫിലിപ്പീന്‍സിന്റെ ബോട്ടുകളുടെ ജനാലകള്‍ തകരുകയും ഡെക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സ്പ്രാറ്റ്‌ലി ദ്വീപിലെ സെക്കന്‍ഡ് തോമസ് ഷോളില്‍ നിലംപൊത്തിയ സിയറ മാഡ്രെയെന്ന കപ്പലില്‍ നാവികരെ പുനര്‍വിന്യസിക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്ക് നേരെയും ചൈന ജലപീരങ്കി പ്രയോഗിച്ചതായും ഫിലിപ്പീന്‍സ് പറഞ്ഞു.

ജലപാതകളിലെ ഫിലിപ്പീന്‍സിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഉറപ്പുവരുത്തുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ചൂണ്ടിക്കാട്ടി.

ചൈനീസ് കോസ്റ്റ് ഗാര്‍ഡും മാരിടൈം മിലിഷ്യയും തങ്ങളുടെ കപ്പലുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ നടത്തിയ ആക്രമണവും പ്രകോപനങ്ങളും, പടിഞ്ഞാറന്‍ ഫിലിപ്പീന്‍ കടലിലെ രാജ്യത്തിന്റെ പരമാധികാരം, അവകാശങ്ങള്‍, അധികാരപരിധി എന്നിവ സംരക്ഷിക്കുന്നതിലും അവ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിലും വെല്ലുവിളികള്‍ ഉയര്‍ത്തിയതായി മാര്‍ക്കോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചൈനയുടെ നടപടികള്‍ ഫിലിപ്പീന്‍സിന്റെ സുരക്ഷയോടും ഉപജീവനമാര്‍ഗത്തോടുമുള്ള അവഗണന മാത്രമല്ലെന്നും അന്താരാഷ്ട്ര നിയമത്തോടുള്ള അവഗണനയും ലംഘനവുമാണെന്നും ഫിലിപ്പീന്‍സ് വക്താവ് മാത്യു മില്ലര്‍ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം സംഭവത്തില്‍ ചൈന അശ്രദ്ധമായ കുതന്ത്രങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപ്പെടുത്തി. കടലിലെ അപകടകരവും അസ്ഥിരപ്പെടുത്തുന്നതുമായ പെരുമാറ്റം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഏറ്റുമുട്ടലിന് ഉത്തരവാദി ഫിലിപ്പീന്‍സ് ആണെന്നും ഫിലിപ്പൈന്‍ സപ്ലൈ ബോട്ടുകള്‍ കര്‍ശനമായ ഒന്നിലധികം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും ചൈന വാദിക്കുന്നു.

Content Highlight: Philippine government to expel Chinese ambassador over South China Sea In the encounter

We use cookies to give you the best possible experience. Learn more