| Tuesday, 18th April 2023, 1:43 pm

'പുതിയ ക്ലബ്ബ് സൈനിങ്ങിന് പിന്നില്‍ ക്രിസ്റ്റ്യാനോ; മനസ് തുറന്ന് ബ്രസീലിയന്‍ വണ്ടര്‍ കിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡില്‍ പുതുതായി സൈനിങ് നടത്തിയ താരമാണ് ബ്രസീലിയന്‍ വണ്ടര്‍ കിഡ് എന്നറിയപ്പെടുന്ന എന്റിക് ഫിലിപ്പ്. ക്ലബ്ബുമായുള്ള സൈനിങ്ങിന് ശേഷം താന്‍ റയല്‍ തെരഞ്ഞെടുക്കാനുള്ള കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ക്രിസ്റ്റ്യാനോയാണ് തന്റെ ഐഡോള്‍ എന്നും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ് റയല്‍ മാഡ്രിഡ് തെരഞ്ഞെടുത്തതെന്നും എന്റിക് പറഞ്ഞു. കൂടാതെ വിനീഷ്യസ് ജൂനിയറിനെയും തനിക്കിഷ്ടമാണെന്നും താരം പറഞ്ഞു.

‘എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞാനൊന്നും നേടിയിട്ടില്ല. 2024ലെ സീസണുകളില്‍ എനിക്ക് മികച്ച മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷയുണ്ട്.

റയല്‍ മാഡ്രിഡ് ഒരു വലിയ ക്ലബ്ബാണ്. വിനി (വിനീഷ്യസ്) എനിക്ക് മെസേജ് അയക്കുകയും പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് എന്റെ ഹീറോ. അദ്ദേഹം റയല്‍ മാഡ്രിഡിന് വേണ്ടി ദീര്‍ഘകാലം കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം എന്നെ സ്വാധീനിച്ചിട്ടുണ്ട്,’ എന്റിക് പറഞ്ഞു.

റയലില്‍ സൈന്‍ ചെയ്‌തെങ്കിലും 18 വയസ് തികയാത്ത താരം 2024 മാത്രമാണ് ക്ലബ്ബില്‍ ജോയിന്‍ ചെയ്യുക. ബ്രസീലിന്‍ ദേശീയ ടീമിനും വലിയ പ്രതീക്ഷയുള്ള താരമാണ് എന്റിക്.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. സൗദി പ്രോ ലീഗിലേക്ക് ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റൊണാള്‍ഡോയെത്തിയതോടെ അല്‍ നസറിന്റെ ഓഹരി മൂല്യവും ബ്രാന്‍ഡ് മൂല്യവും വന്‍ തോതില്‍ കുതിച്ചുയര്‍ന്നിരുന്നു.

കൂടാതെ ലോക റെക്കോര്‍ഡ് തുകയായ പ്രതിവര്‍ഷം 225 മില്യണ്‍ യൂറോ നല്‍കിയാണ് അല്‍ നസര്‍ റൊണാള്‍ഡോയെ തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചിരുന്നത്.

ഇതിനിടെ യൂറോ ക്വാളിഫയര്‍ മത്സരത്തില്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയതോടെ അവസാനം കളിച്ച 13 മത്സരങ്ങളില്‍ നിന്നും തന്റെ ഗോള്‍ നേട്ടം 12 ആക്കി മാറ്റാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

പോര്‍ച്ചുഗല്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 196 മത്സരങ്ങളില്‍ നിന്ന് 118 ഗോളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. ദേശീയ ടീമിനായി ഒരു യൂറോ കപ്പ് കൂടി കളിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡോ നേരത്തെ സൂചിപ്പിച്ചിരുന്നു.

Content Highlights: Philippe Enrique praises Cristiano Ronaldo

We use cookies to give you the best possible experience. Learn more