| Monday, 14th November 2022, 9:03 pm

ലോകകപ്പ് നടത്താൻ എന്ത് യോ​ഗ്യതയാണ് ഖത്തറിനുള്ളത്, ഫുട്ബോളിലെ വിശ്വാസ്യതയെയാണ് ഫിഫ തകർത്തത്: മുൻ ജർമൻ താരം ഫിലിപ്പ് ലാം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിന് ഇനി കുറഞ്ഞ നാളുകൾ മാത്രമാണ് ബാക്കി. ചരിത്രത്തിൽ ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ നിന്നൊരു രാജ്യം ലോകകപ്പിന് വേദിയാകുന്നത്. ദൃശ്യ വിസ്മയങ്ങളാർന്ന വേദികളൊരുക്കിയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്നത്.

എന്നാൽ വേൾഡ് കപ്പിന് ഖത്തർ വേദിയാകുമെന്ന് പ്രഖ്യാപിച്ചത് മുതൽ നിരവധി വിമർശനങ്ങൾ ഉയർന്നു വരികയായിരുന്നു. വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ ജർമനിയുടെ മുൻ ക്യാപ്റ്റൻ ഫിലിപ്പ് ലാം.

ഗൾഫ് അറബ് രാഷ്ട്രമായ ഖത്തറിന് ഇത്തരമൊരു ടൂർണമെന്റ് നൽകിയത് തെറ്റായിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്.

2024ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള ജർമനിയുടെ സംഘാടക സമിതിയുടെ തലവൻ കൂടിയായ ലാം ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെ കടുത്ത രീതിയിൽ വിമർശിക്കുകയും ചെയ്തു.

സ്വവർഗാനുരാഗികളെ ഇപ്പോഴും അം​ഗീകരിക്കാത്ത, സ്ത്രീ-പുരുഷന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാത്ത, പത്ര സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും നിയന്ത്രണങ്ങളേർപ്പടുത്തുന്ന ഒരു രാജ്യത്ത് ലോകകപ്പ് സംഘടിപ്പിച്ചത് തെറ്റായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിഫ ഫുട്ബോളിന്റെ വിശ്വാസ്യതക്ക് കോട്ടം വരുത്തിയെന്നും ഫുട്ബോൾ ഖത്തറിൽ ഒരു ജനപ്രിയ കായിക വിനോദമല്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന 32 ടീമുകളുടെ മത്സരത്തിൽ താൻ പങ്കെടുക്കില്ലെന്നാണ് ലാം പറഞ്ഞത്.

ബുണ്ടസ്‌ലിഗയിലും ജർമനിയുടെ രണ്ടാം ഡിവിഷനിലും ഇതേ ആശങ്കകൾ പ്രകടിപ്പിക്കുന്ന ആരാധകരിൽ നിന്ന് വ്യാപകമായ പ്രതിഷേധത്തിന് ശേഷമാണ് ലാമിന്റെ അഭിപ്രായങ്ങൾ.

ടൂർണമെന്റ് ഖത്തറിന് നൽകാനുള്ള തീരുമാനത്തെ മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ വിമർശിച്ചതിന് പിന്നാലെയാണ് ലാമിന്റെ അഭിപ്രായം. 1954-ൽ സ്വിറ്റ്‌സർലാൻഡിൽ നടന്ന ടൂർണമെന്റിന് ശേഷം വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ചെറിയ ആതിഥേയരാണ് ഖത്തർ.

Content Highlights: Philipp Lahm says it was ‘mistake’ to Award World Cup to Qatar

We use cookies to give you the best possible experience. Learn more