ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്താകാന്‍ കാരണം മെസിയല്ല: മുന്‍ ബയേണ്‍ താരം
Football
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്താകാന്‍ കാരണം മെസിയല്ല: മുന്‍ ബയേണ്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd March 2023, 8:33 pm

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ല്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. അലയന്‍സ് അരേനയില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ കീഴ്പ്പെടുത്തിയത്. ഇതോടെ പി.എസ്.ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.

മത്സരത്തില്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന്റെ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും ഉണ്ടായിരുന്നിട്ടും കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിലെ കന്നികിരീടം നേടുകയെന്ന പി.എസ്.ജിയുടെ സ്വപ്‌നം ഇല്ലാതായതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മെസിയെ തേടിയെത്തിയത്.

എന്നാല്‍ പാരീസിയന്‍സിന്റെ തോല്‍വിക്ക് കാരണം മെസിയല്ലെന്നും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നെന്നുമാണ് മുന്‍ ബയേണ്‍ മ്യൂണിക്ക് താരം ഫിലിപ് ലാം പറയുന്നത്. പി.എസ്.ജിയിലെ മറ്റ് താരങ്ങള്‍ക്ക് ഗ്രൂപ്പായി സ്‌കോര്‍ ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയാത്തത് കൊണ്ടാണ് തോല്‍വി വഴങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മ്യൂണിക്കില്‍ മെസി തന്റെ ക്ലാസ് പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷ്യവുമില്ലാതെയായിരുന്നു താരത്തിന്റെ കഴിവ് ഉപയോഗപ്പെടുത്തിയിരുന്നത്. പി.എസ്.ജിയിലെ മറ്റ് താരങ്ങള്‍ക്ക് എങ്ങനെയാണ് ടീമായി ഗോള്‍ സകോര്‍ ചെയ്യേണ്ടതെന്നറിയില്ല. മെസി നിരാശനും നിസഹായനുമായിരുന്നു,’ ഫിലിപ് ലാം പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍ പാരിസ് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് പാദങ്ങളില്‍ നിന്നുമായി തങ്ങളുടെ വിജയ മാര്‍ജിന്‍ 3-0 എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ ബയേണിനായി.

ആദ്യ പകുതി ഗോള്‍ രഹിതമായ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോള്‍ എറിക് മാക്‌സിം ചൊപ്പോ മോട്ടിങും 89 മിനിട്ട് പിന്നിട്ടപ്പോള്‍ സെര്‍ജെ ഗ്‌നാഹബിയും നേടിയ ഗോളുകളിലാണ് മത്സരം ബയേണ്‍ വിജയിച്ചത്.

അതേസമയം ലീഗ് വണ്ണില്‍ 26 മത്സരങ്ങളില്‍ നിന്നും 20 വിജയങ്ങളോടെ 63 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

Content Highlights: Philipp Lahm backs Lionel Messi after the loss against Bayern Munich in Champions League