'ഞങ്ങള്‍ക്കും ഒരു ഭയവും കൂടാതെ, സമാധാനത്തോടെ സ്‌കൂളില്‍ പോകാനാകണം'; പോപ്പിന് ഫലസ്തീന്‍ കൗമാരക്കാരിയുടെ കത്ത്
World News
'ഞങ്ങള്‍ക്കും ഒരു ഭയവും കൂടാതെ, സമാധാനത്തോടെ സ്‌കൂളില്‍ പോകാനാകണം'; പോപ്പിന് ഫലസ്തീന്‍ കൗമാരക്കാരിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th May 2023, 10:21 pm

ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്കേഴ്സ് ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസ്സാരിനി. ബുധനാഴ്ച വത്തിക്കാനില്‍വെച്ചായിരുന്നു സന്ദര്‍ശനം. ഫലസ്തീന്‍ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് അറിയിക്കാനാണ് ലസ്സാരിനി മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

5.9 മില്യണ്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ മറക്കരുതെന്നും അവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ലസ്സാരിനി പോപ്പിനോട് അഭ്യര്‍ത്തിച്ചു.

ഫലസ്തീന്‍ നഗരമായ ബത്ലഹേമിലെ ടെയ്ഷെ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന 15 വയസുള്ള ലീന്‍ എന്ന പെണ്‍കുട്ടി എഴുതിയ കത്ത് അദ്ദേഹം മാര്‍പ്പാപ്പക്ക് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീന്‍ അഭയാര്‍ത്ഥി എന്ന നിലയില്‍ മറ്റ് കുട്ടികളെ പോലെ സമാധാനത്തോടെ ജീവിക്കാന്‍ താനും ആഗ്രഹിക്കുന്നുവെന്നാണ് ലീന്‍ കത്തില്‍ പറയുന്നത്.

‘മറ്റ് കുട്ടികളെ പോലെ എനിക്കും എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം. അതിലൂടെ എനിക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും എന്റെ വീട്ടുകാരുടെയും ക്യാമ്പിലെ മറ്റുള്ള ജനങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും
ഞാന്‍ വിശ്വസിക്കുന്നു.

ഒരു ഫലസ്തീന്‍ അഭയാര്‍ത്ഥി എന്ന നിലയില്‍ മറ്റ് കുട്ടികളെ പോലെ സമാധാനത്തോടെ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ വേണം, ഞങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കണം. സമാധാനവും സുരക്ഷിതത്വവും വേണം, ഒരു ഭയവും കൂടാതെ സമാധാനത്തോട് കൂടി സ്‌കൂളില്‍ പോവാനാകണം,’ ലീന്‍ കത്തില്‍ പറഞ്ഞു.

 

അഭയാര്‍ത്ഥികളില്‍ നിന്ന് നേരിട്ട് മനസിലാക്കിയ കാര്യങ്ങളും ഫിലിപ്പ് ലസ്സാരിനി മാര്‍പാപ്പയുമായി പങ്കുവെച്ചു. യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ അര ദശലക്ഷത്തിലധികം യുവ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്ന 700ല്‍ അധികം വിദ്യഭ്യാസ പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം മാര്‍പാപ്പയോട് വിശദീകരിച്ചെന്നും അറബ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Philip Lazzarini, Commissioner General of the UN Relief and Works Agency, meets with Pope Francis