മാക്‌സ് വില്ലെ: കളിക്കളത്തില്‍ നിന്നും അകാലത്തില്‍ വിട പറയേണ്ടി വന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ് ഹ്യൂഗ്‌സിന് അന്ത്യമൊഴി. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ജന്മനാടായ മാക്‌സ് വില്ലെയില്‍ നടക്കും. തങ്ങളുടെ പ്രിയപ്പെട്ട ഫിലിപിന് യാത്രാമൊഴി നല്‍കാന്‍ കായിക ലോകത്ത് നിന്നും അല്ലാതെയുമായി നിരവധി ആളുകളാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന മാക്‌സ് വില്ലെ ഹൈസ്‌കൂളില്‍ എത്തുക. ഓസ്‌ട്രേലിയന്‍ സമയം ഉച്ചക്ക് 2 മണിയോടെയാണ് ചടങ്ങുകള്‍ തുടങ്ങുക.
ഹ്യൂഗ്‌സിന്റെ സംസ്‌കാര ചടങ്ങുകളില്‍ എത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രാജ്യത്തെ വിമാന കമ്പനികള്‍ അധിക സര്‍വീസ് അടക്കം അടക്കം നടത്തുന്നുണ്ട്. സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ കഴിയാത്തവര്‍ക്കായി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്, അഡലൈഡ് ഓവല്‍, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി ബിഗ് സ്‌ക്രീനില്‍ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവുമുണ്ട്.
ക്രിക്കറ്റ് ലോകത്ത് നിന്നും നിരവധി താരങ്ങളാണ് തങ്ങളുടെ പ്രിയ താരത്തിന് അന്ത്യാജ്ഞലി നല്‍കുവാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുള്ളത്. നിലവിലെ ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങള്‍, ഇവരെ കൂടാതെ മുന്‍ ലോക താരങ്ങളായ ഷെയ്ന്‍ വോണ്‍, ഹസി, പോണ്ടിംങ്, ഗില്‍ക്രിസ്റ്റ്, ബ്രയാന്‍ ലാറ തുടങ്ങിയ നിരവധി താരങ്ങളാണ് യാത്രാ മൊഴി നല്‍കാന്‍ എത്തിയിട്ടുള്ളത്.
ഇന്ത്യയില്‍ നിന്നും രവിശാസ്ത്രി, വിരാട് കോഹ്‌ലി എന്നിവരാണ് ഹ്യൂഗ്‌സിന്റെ അന്ത്യ കര്‍മങ്ങള്‍ക്കായി എത്തിയിട്ടുള്ളത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ ന്യൂ സൗത്ത് വെയില്‍സ് താരമായ സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാന്‍ ശ്രമിക്കവെയാണ് ഹ്യൂഗ്‌സിന് പരിക്കേറ്റിരുന്നത്. ആശുപത്രിയില്‍ എത്തിച്ച ഹ്യൂഗ്‌സ് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മരണമടഞ്ഞിരുന്നത്.