കാര്യം ലോക ചാമ്പ്യനൊക്കെയാണ്; പക്ഷെ വിസില്‍ മുഴങ്ങിയാല്‍ കളി മാറും; മെസിയെ വെല്ലുവിളിച്ച് എതിര്‍ ടീം കോച്ച്
ഇന്റര്‍ കോണ്ടിനെന്റല്‍ ലീഗ്‌സ് കപ്പില്‍ കിരീടം ലക്ഷ്യമിട്ട് ലയണല്‍ മെസിയും സംഘവും ഫിലാഡല്‍ഫിയക്കെതിരെ ഇറങ്ങാനൊരുങ്ങുകയാണ്.
കഴിഞ്ഞ മാസം പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ ലയണല്‍ മെസി തകര്‍പ്പന്‍ പ്രകടനമാണ് ഇന്റര്‍ മയാമിക്കായി കാഴ്ചവെക്കുന്നത്. ലീഗ്‌സ് കപ്പില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ താരം അക്കൗണ്ടിലാക്കി കഴിഞ്ഞു.
ഫൈനല്‍ പോരാട്ടത്തിനിറങ്ങും മുമ്പ് മെസിയെ വെല്ലുവിളിച്ചിരിക്കുകയാണ് ഫലാഡല്‍ഫിയയുടെ പരിശീലകന്‍. മെസി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാണെന്നും എന്നാല്‍ കളിയുടെ വിസില്‍ മുഴങ്ങിക്കഴിഞ്ഞാല്‍ തങ്ങളുടെ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മെസി മാത്രമല്ല മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സോ ജോര്‍ധി ആല്‍ബയോ ഉണ്ടെങ്കിലും തങ്ങള്‍ക്ക് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെയാണ് ഞങ്ങള്‍ എതിരേല്‍ക്കാനൊരുങ്ങുന്നതെന്നറിയാം. അദ്ദേഹത്തിനെതിരെ കളിക്കുന്നത് വലിയ ബഹുമതിയായിട്ടാണ് കാണുന്നത്.
എന്നാല്‍ മത്സരത്തിന്റെ വിസില്‍ മുഴങ്ങിക്കഴിഞ്ഞാല്‍ ഞങ്ങളുടെ കുട്ടികള്‍ മികച്ച പ്രകടനം പുറത്തെടുക്കും. അതിപ്പോള്‍ ആരാണ് വരുന്നതെന്ന് ഞങ്ങള്‍ നോക്കുന്നേയില്ല. മെസി വന്നാലും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് വന്നാലും ജോര്‍ധി ആല്‍ബ വന്നാലും ഞങ്ങള്‍ മികച്ച രീതിയില്‍ കളിക്കും,’ ഫിലാഡല്‍ഫിയ പരിശീലകന്‍ പറഞ്ഞു.
ഫിലാഡല്‍ഫിയക്കെതിരായ മത്സരം ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ നാലരക്കാണ് തുടങ്ങുക. ഇന്ത്യയില്‍ മത്സരം ടെലിവിഷനിലൂടെ കാണാനാവില്ല. ലൈവ് സ്ട്രീമിങ്ങിലും അപ്പിള്‍ ടി.വിയിലൂടെയും മാത്രമെ മത്സരം കണാനാവൂ. മേജര്‍ ലീഗ് സോക്കറിന്റെ എക്സ് അക്കൗണ്ടിലൂടെയും മത്സരവിവരങ്ങള്‍ തത്സമയം ആരാധകര്‍ക്ക് അറിയാനാകും.
Content Highlights: Philadelphia coach challenges Lionel Messi’s Inter Miami