വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസില്‍ വിന്‍ഡീസ് നേടിയ 182 റണ്‍സ് 16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ത്രീ ലയണ്‍സ് മറികടക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടിന്റെ ഐതിഹാസികമായ സെഞ്ച്വറിയാണ്. 54 പന്തില്‍ ആറ് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 103* റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. 190.74 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ തന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് സാള്‍ട്ട് നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സാള്‍ട്ട് സ്വന്തമാക്കിയിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനാണ് സാള്‍ട്ടിന് സാധിച്ചത്.
ഈ നേട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ഗ്ലെന്‍ മാക്‌സ് വെല്ലിനും രോഹിത് ശര്‍മക്കും അഞ്ച് സെഞ്ച്വറികളാണ് ഉള്ളത്. സൂര്യകുമാര്‍ യാദവ് നാല് സെഞ്ച്വറിയുമായി മൂന്നാം സ്ഥാനത്തും ചെക്ക് റിപ്പബ്ലിക്കിന്റെ സബവൂണ്‍ ഡേവിസ് മൂന്ന് സെഞ്ച്വറിയുമാണ് നേടിയത്. എന്നാല്‍ അടുത്തിടെ ടി-20ഐയില്‍ രണ്ടാം സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ അടക്കമുള്ളവരെ പിന്നിലാക്കിയാണ് സാള്‍ട്ട് അഞ്ചാമനായി കുതിച്ചത്.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു ഇന്ത്യ വിജയിച്ചുകയറിയത്. മത്സരത്തില്‍ 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്.
ഏഴ് ഫോറും പത്ത് സിക്‌സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടവും സഞ്ജു സ്വന്തമാക്കി.
Content Highlight: Phil Salt Surpasses Sanju Samson’s Record In t20i