ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ടി-20 പരമ്പരയിലെ ആറാം മത്സരം പാകിസ്ഥാനും നായകന്‍ ബാബര്‍ അസവും ഒരിക്കല്‍പ്പോലും മറക്കില്ല. ടി-20യില്‍ പാകിസ്ഥാനെതിരെ ഒരു ടീം നടത്തുന്ന ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തിലായിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ അഴിഞ്ഞാട്ടം നടത്തിയത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സോള്‍ട്ടും.
ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ അപരാജിത പ്രകടനം പാകിസ്ഥാനെ തരക്കേടില്ലാത്ത ടോട്ടലിലെത്തിച്ചു.
59 പന്തില്‍ നിന്നും ഏഴ് ഫോറും മൂന്ന് സിക്‌സറുമടക്കം പുറത്താകാതെ 87 റണ്‍സായിരുന്നു പാക് നായകന്റെ സമ്പാദ്യം. എന്നാല്‍ ബാബറിന് പുറമെ മുന്‍നിരയില്‍ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല.
മുഹമ്മദ് ഹാരിസ് ഏഴിനും ഷാന്‍ മസൂദ് പൂജ്യത്തിനും ഹൈദര്‍ അലി 18നും പുറത്തായി. ഇഫ്തിഖര്‍ അഹമ്മദാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. 21 പന്തില്‍ നിന്നും 31 റണ്‍സാണ് ഇഫ്തിഖര്‍ സ്വന്തമാക്കിയത്.
അവസാനം നിശ്ചിത ഓവര്‍ പിന്നിട്ടപ്പോള്‍ ആറ് വിക്കറ്റിന് 169 റണ്‍സാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവറില്‍ തന്നെ വരാനിരിക്കുന്ന സംഭവവികാസങ്ങളുടെ ട്രെയ്‌ലര്‍ പാക് നായകന് നല്‍കിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സോള്‍ട്ടാണ് പാകിസ്ഥാനെ കടന്നാക്രമിച്ചത്.
41 പന്തില്‍ നിന്നും 88 റണ്‍സുമായി സോള്‍ട്ട് പുറത്താവാതെ നിന്നു. 13 ഫോറും മൂന്ന് സിക്‌സറുമടക്കം 214.63 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
സോള്‍ട്ടിന് പുറമെ ആലക്‌സ് ഹേല്‍സ്, ഡേവിഡ് മലന്‍, ബെന്‍ ഡക്കെറ്റ് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. യഥാക്രമം 27, 26, 26 എന്നതായിരുന്നു ഇവരുടെ സ്‌കോര്‍.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം 15 ഓവര്‍ തികയും മുമ്പ് തന്നെ ഇംഗ്ലണ്ട് മറികടന്നു. 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്.