ഐ.പി.എല്ലില്‍ ഒരുത്തനും വാങ്ങിയില്ല, സെഞ്ച്വറിയടിച്ച് അരിശം തീര്‍ത്തത് പാവം വിന്‍ഡീസിന്റെ നെഞ്ചത്ത്
Sports News
ഐ.പി.എല്ലില്‍ ഒരുത്തനും വാങ്ങിയില്ല, സെഞ്ച്വറിയടിച്ച് അരിശം തീര്‍ത്തത് പാവം വിന്‍ഡീസിന്റെ നെഞ്ചത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th December 2023, 12:39 pm

ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ നാലാം ടി-20 ബുധനാഴ്ചയായിരുന്നു നടന്നത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. 75 റണ്‍സിന്റെ മികച്ച വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഓപ്പണര്‍ ഫില്‍ സോള്‍ട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം ടി-20യിലാണ് സോള്‍ട്ട് ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയത്.

57 പന്തില്‍ 119 റണ്‍സാണ് ഫില്‍ സോള്‍ട്ട് നേടിയത്. പത്ത് സിക്‌സറും ഏഴ് ഫോറും അടക്കം 208.77 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സോള്‍ട്ടിന്റെ സെഞ്ച്വറി നേട്ടം.

സോള്‍ട്ടിന്റെ സെഞ്ച്വറിക്ക് പുറമെ ജോസ് ബട്‌ലറും ലിയാം ലിവിങ്സ്റ്റണും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ടി-20 ചരിത്രത്തിലെ ഫുള്‍ മെമ്പേഴ്‌സിനിടയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത് ടി-20 ടോട്ടലാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 192 റണ്‍സിന് ഓള്‍ ഔട്ടായി. ഫില്‍ സോള്‍ട്ട് തന്നെയായിരുന്നു കളിയിലെ താരവും.

ഗ്രനഡയിലെ നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും സോള്‍ട്ട് സെഞ്ച്വറി നേടിയിരുന്നു. 56 പന്തില്‍ നിന്നും പുറത്താകാതെ 109 റണ്‍സാണ് താരം നേടിയത്.

നാലാം മത്സരത്തിലെ സോള്‍ട്ടിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ പശ്ചാതലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്ലിന്റെ താരലേലവും ചര്‍ച്ചയാവുകയാണ്. 1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന സോള്‍ട്ടിനെ ഒരു ടീം പോലും ലേലത്തില്‍ സ്വന്തമാക്കാന്‍ താത്പര്യപ്പെട്ടിരുന്നില്ല. ലേലത്തില്‍ അണ്‍ സോള്‍ഡായ താരങ്ങളില്‍ പ്രധാനിയായിരുന്നു സോള്‍ട്ട്.

കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു ഫില്‍ സോള്‍ട്ട്. രണ്ട് കോടി രൂപക്ക് ടീമിലെത്തിച്ച സോള്‍ട്ട് ക്യാപ്പിറ്റല്‍സിനായി ഒമ്പത് മത്സരവും കളിച്ചിരുന്നു.

ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 218 റണ്‍സാണ് സോള്‍ട്ട് നേടിയത്. 27.25 എന്ന ശരാശരിയിലും 163.91 എന്ന പ്രഹരശേഷിയിലുമാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ സീസണില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 87 ആണ്.

അതേസമയം, സോള്‍ട്ടിന്റെ രണ്ട് തകര്‍പ്പന്‍ സെഞ്ച്വറികളും ഇംഗ്ലണ്ടിനെ പരമ്പരയില്‍ ഒപ്പമെത്തിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 2-2ന് സമനില പിടിച്ചിരിക്കുകയാണ്.

ഡിസംബര്‍ 22നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയാണ് വേദി.

 

Content Highlight: Phil Salt’s brilliant century against West Indies