ട്രിപ്പിള്‍ സെഞ്ച്വറി റെക്കോഡില്‍ ലോകം കീഴടക്കി ഫില്‍ സാള്‍ട്ട്; വിന്‍ഡീസിനെ നാണംകെടുത്തിയ വെട്ടിക്കെട്ട് ഇന്നിങ്‌സ്!
Sports News
ട്രിപ്പിള്‍ സെഞ്ച്വറി റെക്കോഡില്‍ ലോകം കീഴടക്കി ഫില്‍ സാള്‍ട്ട്; വിന്‍ഡീസിനെ നാണംകെടുത്തിയ വെട്ടിക്കെട്ട് ഇന്നിങ്‌സ്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th November 2024, 4:23 pm

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി ത്രീ ലയണ്‍സ് വിജയം നേടുകയായിരുന്നു.

ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടിന്റെ ഐതിഹാസികമായ സെഞ്ച്വറിയാണ്. 54 പന്തില്‍ ആറ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 103* റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. 190.74 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സാള്‍ട്ട് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ മൂന്ന് സെഞ്ച്വറി നേടുന്ന ഏക താരമാകാനാണ് സാള്‍ട്ടിന് സാധിച്ചത്.

ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, രാജ്യം, സെഞ്ച്വറി, എതിരാളി

ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – 3* – വെസ്റ്റ് ഇന്‍ഡീസ്

എവിന്‍ ലെവിസ് – വെസ്റ്റ് ഇന്‍ഡീസ് – 2 – ഇന്ത്യ

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 2 – ഇന്ത്യ

മുഹമ്മദ് വസീം – യു.എ.ഇ – 2 – അയര്‍ലാന്‍ഡ്

ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ വില്‍ ജാക്‌സ് 10 പന്തില്‍ 17 റണ്‍സ് നേടിയാണ് മടങ്ങിയത്. ഗുഡകേഷ് മോട്ടിക്കാണ് വിക്കറ്റ്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പൂജ്യം റണ്‍സിനാണ് കൂടാരം കയറിയത്. റൊമാരിയോ ഷപ്പേഡിനായിരുന്നു വിക്കറ്റ്. നാലാമന്‍ ജേക്കബ് ബെത്തല്‍ പുറത്താകാതെ 58 റണ്‍സും നേടി മിന്നും പ്രകടനം കാഴ്ചവെച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.

വിന്‍ഡീസിന് വേണ്ടി മികച്ച സ്‌കോര്‍ നേടിയത് നിക്കോളാസ് പൂരനാണ്. 38 റണ്‍സാണ് താരം നേടിയത്. റൊമാരിയോ ഷെപ്പേഡ് 35 റണ്‍സും നേടിയിരുന്നു. ഗുഡകേഷ് മോട്ടി 33 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാവ്ചവെച്ചത് സാക്കിബ് മഹ്‌മൂദ് ആണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആദില്‍ റഷീദ് മൂന്ന് വിക്കറ്റും ലിയാം ലിവിങ്‌സറ്റണ്‍ ഒരു വിക്കറ്റു നേടി.

 

Content Highlight: Phil Salt In Great Record Achievement In T-20i Against West Indies