ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക. ബ്യൂസെജൂര്‍ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 20 ഓവറില്‍ ആറ് ടിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
38 പന്തില്‍ 65 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് സൗത്ത് ആഫ്രിക്ക മികച്ച ടോട്ടല്‍ നേടിയത്. നാലു വീതം ഫോറുകളും സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 28 പന്തില്‍ 43 റണ്‍സ് നേടിയ ഡേവിഡ് മില്ലറും നിര്‍ണായകമായി.
ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 37 പന്തില്‍ 53 റണ്‍സും ലിയാം ലിവിങ്സ്റ്റണ്‍ 17 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ഏഴ് റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.
ഫില്‍ സാള്‍ട്ട് എട്ട് പന്തില്‍ 11 റൺസാണ് നേടിയത് ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് താരം സ്വന്തമാക്കിയത്. ടി-20യില്‍ ചുരുങ്ങിയത് 500 പന്ത് നേരിട്ടതില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന ആദ്യത്തെ താരമെന്ന നേട്ടമാണ് സാള്‍ട്ട് സ്വന്തമാക്കിയത്. 168.6 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 168.5 സ്‌ട്രൈക്ക് റേറ്റ് ഉള്ള ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നു കൊണ്ടായിരുന്നു ഇംഗ്ലണ്ട് സൂപ്പര്‍താരത്തിന്റെ മുന്നേറ്റം.
ടി-20യില്‍ കുറഞ്ഞത് 500 പന്ത് എങ്കിലും നേരിട്ടതില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം, ടീം, സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍
ഫില്‍ സാള്‍ട്ട്-ഇംഗ്ലണ്ട്- 168.6
സൂര്യകുമാര്‍ യാദവ്-ഇന്ത്യ-168.5
ടിം ഡേവിഡ്-ഓസ്‌ട്രേലിയ-163.8
ആന്ദ്രേ റസല്‍-വെസ്റ്റ് ഇന്‍ഡീസ്-163.7
ആരോണ്‍ ജോണ്‍സ്-യു.എസ്.എ
ഫിന്‍ അലന്‍-ന്യൂസിലാന്‍ഡ്-158.7
അതേസമയം സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ കേശവ് മഹാരാജ്, കാഗിസോ റബാദ എന്നിവര്‍ രണ്ടു വിക്കറ്റും ഒട്ട്മിന്‍ ബാര്‍ട്ട്മാന്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Phil Salt Great Strike Rate record in T20