|

ഐ.പി.എല്ലിലെ തമ്പുരാക്കന്‍മാര്‍ തലയില്‍ കൈവെച്ചുനില്‍ക്കേണ്ട അവസ്ഥ; വെറും 18 ദിവസം കൊണ്ട് സോള്‍ട്ട് കാണിച്ച മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുണ്ടാക്കി ഇംഗ്ലണ്ട് സൂപ്പര്‍ താരം ഫില്‍ സോള്‍ട്ട്. ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം റാങ്കിലേക്ക് കുതിച്ചാണ് സോള്‍ട്ട് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്.

ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് പര്യടനത്തിലെ അഞ്ച് ടി-20 മത്സരങ്ങളാണ് സോള്‍ട്ടിന്റെ വിധി ഒന്നടങ്കം മാറ്റി മറിച്ചത്. പരമ്പരയില്‍ 2-0ന് പരാജയപ്പെട്ടെങ്കിലും സോള്‍ട്ടിന്റെ ഇന്നിങ്‌സുകള്‍ തലയെടുപ്പോടെ നിന്നു. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സോള്‍ട്ട് തന്നെയായിരുന്നു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആതിഥേയര്‍ വിജയിച്ചുകയറിയിരുന്നു. ഏകദിന പരമ്പരയിലെ അതേ ഡോമിനന്‍സ് ടി-20 പരമ്പരയിലും വിന്‍ഡീസ് പുറത്തെടുക്കുമെന്ന് ആരാധകര്‍ കരുതി.

എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി-20യില്‍ കളി മാറി. ആദ്യ രണ്ട് ടി-20യിലും ഇംഗ്ലണ്ട് നിരയില്‍ നിര്‍ണായകമായ ഫില്‍ സോള്‍ട്ടിന്റെ വെടിക്കെട്ടിനാണ് ഗ്രനഡ സാക്ഷ്യം വഹിച്ചത്. 56 പന്ത് നേരിട്ട് പുറത്താകാതെ 109 റണ്‍സാണ് സോള്‍ട്ട് നേടിയത്. നാല് ഫോറും ഒമ്പത് സിക്‌സറുമായിരുന്നു സോള്‍ട്ട് അടിച്ചുകൂട്ടിയത്.

മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചുകയറി. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സോള്‍ട്ടിനെ തന്നെയായിരുന്നു.

2-1ന് പുറകില്‍ നില്‍ക്കവെയാണ് ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന നാലാം മത്സരത്തില്‍ സോള്‍ട്ട് വീണ്ടും അവതരിച്ചത്. 57 പന്തില്‍ 119 റണ്‍സ് നേടിയാണ് സോള്‍ട്ട് വീണ്ടും സെഞ്ച്വറി നേടിയത്. ഏഴ് ഫോറും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കളിയിലെ കേമന്റെ പുരസ്‌കാരം വീണ്ടും സോള്‍ട്ട് തന്റെ കീശയിലാക്കി.

അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോററാകാനും സോള്‍ട്ടിന് സാധിച്ചു.

പരമ്പരയില്‍ 82.75 എന്ന ശരാശരിയിലും 185.95 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 331 റണ്‍സാണ് സോള്‍ട്ട് നേടിയത്.

ഐ.സി.സി റാങ്കിങ്ങില്‍ സോള്‍ട്ടിന്റെ ഈ കുതിപ്പ് കണ്ട ഐ.പി.എല്‍ ടീമുകളെല്ലാം തന്നെ ഒരുപക്ഷേ തലയില്‍ കൈവെച്ചുനില്‍ക്കുന്നുണ്ടാകണം. താര ലേലത്തില്‍ സോള്‍ട്ടിനെ ടീമിലെത്തിക്കാന്‍ താത്പര്യം കാണിക്കാതിരുന്ന ഐ.പി.എല്ലിലെ എല്ലാ ഫ്രാഞ്ചൈസികളുടെയും നെഞ്ചില്‍ ചവിട്ടിയാണ് സോള്‍ട്ട് ഇപ്പോള്‍ തരംഗമാകുന്നത്.

താര ലേലം കഴിഞ്ഞ് ക്രീസിലെത്തിയ മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് സോള്‍ട്ട് ഐ.പി.എല്‍ ടീമുകള്‍ക്ക് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് റാങ്കിങ്ങിലും സോള്‍ട്ട് കുതിച്ചെത്തിയത്.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 802 റേറ്റിങ് പോയിന്റോടെയാണ് സോള്‍ട്ട് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചത്.

ഈ പരമ്പരക്ക് മുമ്പ് പുറത്തുവിട്ട റാങ്കിങ്ങില്‍ 90ാം സ്ഥാനത്തായിരുന്നു സോള്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ കേവലം 18 ദിവസം കൊണ്ട് 88 സ്ഥാനം മെച്ചപ്പെടുത്തിയാണ് സോള്‍ട്ട് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

(ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

Content Highlight: Phil Salt climbs to 2nd position in ICC T20 ranking