ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ ജയം. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ഫില്‍ ഫോഡന്‍ തകര്‍പ്പന്‍ ഹാട്രിക്ക് നേടി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 45+1, 62, 69 എന്നീ മിനിട്ടുകളില്‍ ആയിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ മൂന്ന് ഗോളുകള്‍ പിറന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഫോഡന്റെ മൂന്നാം ഹാട്രിക് ആയിരുന്നു ഇത്.
ഇതിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടം സ്വന്തമാക്കാനും ഫോഡന് സാധിച്ചു. ഇതിഹാസതാരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫ്രാങ്ക് ലമ്പാര്‍ഡ്, ദിദിയര്‍ ദ്രോഗ്ബ എന്നിവര്‍ നേടിയ ഹാട്രിക്കുകളുടെ റെക്കോഡിനൊപ്പമെത്താനാണ് ഫോഡന് സാധിച്ചത്. ഈ മൂന്ന് ഇതിഹാസ താരങ്ങളും മൂന്ന് തവണയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് ഇരു ടീമുകളും അണിനിരന്നത്.
മത്സരം തുടങ്ങി പതിനൊന്നാം മിനിട്ടില്‍ തന്നെ റോഡ്രിയിലൂടെ സിറ്റി ഗോളടിമേളം തുടങ്ങി. ഫോഡന്റെ മൂന്ന് ഗോളുകളും പിറന്നതോടെ മത്സരം പൂര്‍ണമായും സിറ്റിയുടെ വരുതിയിലാക്കുകയായിരുന്നു. ജോണ്‍ ദുറാനാണ് ആസ്റ്റണ്‍ വില്ലയുടെ ആശ്വാസഗോള്‍ നേടിയത്.
മത്സരത്തില്‍ 25 നോട്ടുകള്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ 11 ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആസ്റ്റണ്‍ വില്ല എട്ട് ഷോട്ടുകള്‍ സിറ്റിയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തു. മത്സരത്തില്‍ 67 ശതമാനം ബോള്‍ പൊസഷനും സിറ്റിയുടെ ഭാഗത്തായിരുന്നു.
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 30 മത്സരങ്ങളില്‍ നിന്നും 20 വിജയവും ഏഴ് സമനിലയും മൂന്ന് തോല്‍വിയും അടക്കം 67 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.
ഏപ്രില്‍ ആറിന് ക്രിസ്റ്റല്‍ പാലസിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. ക്രിസ്റ്റല്‍ പാലസിന്റെ ഹോം ഗ്രൗണ്ട് ആയ സെല്‍ഹര്‍ പാര്‍ക്ക് സ്റ്റേഡിയമാണ് വേദി.
Content Highlight: Phil Foden scored hatric againsty Aston villa