2023 ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഫ്ലമിനെന്‍സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പെപ് ഗ്വാര്‍ഡിയോളയും കൂട്ടരും കിരീടം ഉയര്‍ത്തിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടനേട്ടത്തോടൊപ്പം മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് യുവതാരം ഫില്‍ ഫോഡന്‍. മത്സരത്തില്‍ സിറ്റിക്കായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ഫോഡന്‍ കാഴ്ചവെച്ചത്. ഈ ഗോളിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇംഗ്ലീഷ് താരത്തെ തേടിയെത്തിയത്.
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഫൈനലില്‍ 2008ന് ശേഷം ഗോള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് ഫോഡന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയായിരുന്നു. 15 വര്‍ഷത്തെ റൂണിയുടെ നേട്ടമാണ് ഫോഡന്‍ തിരുത്തികുറിച്ചത്.
കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജൂലിയന്‍ അല്‍വാരസാണ് സിറ്റിയുടെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ താരം ഗോള്‍ നേടുകയായിരുന്നു. 27ാം മിനിട്ടില്‍ ഫ്ലമിനെന്‍സ് താരം നിനോയുടെ ഓണ്‍ ഗോളിലൂടെ സിറ്റി രണ്ടാം ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ 72ാം മിനിട്ടില്‍ ഇംഗ്ലണ്ട് താരം ഫോഡന്‍ സിറ്റിക്കായി മൂന്നാം ഗോള്‍ നേടി. മത്സരത്തിന്റെ 88ാം മിനിട്ടില്‍ അല്‍വാരസ് സിറ്റിയുടെ നാലാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുകയായിരുന്നു.
പെപ് ഗ്വാർഡിയോളയുടെ നാലാം ക്ലബ്ബ് ലോകകപ്പ് വിജയമായിരുന്നു ഇത്. ടൂർണമെന്റിലെ ഗോൾഡൻ ബോൾ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിയും സിൽവർ ബോൾ കെയ്ൽ വാൾക്ക്റും സ്വന്തമാക്കി.
Content Highlight: Phil Foden create a record in FIFA Club World Cup.