ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി മകന്‍ കാര്‍ത്തി ചിദംബരം. 106 ദിവസത്തിന് ശേഷം ഒടുവില്‍ ജാമ്യം എന്നാണ് കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്.
‘ഹോ..ഒടുവില്‍ 106 ദിവസത്തിന് ശേഷം’- എന്നായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കാര്‍ത്തി ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ചിദംബരത്തിന് ഇന്ന് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം നിഷേധിച്ച ദല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ചിദംബരത്തിനെതിരെ ഗൗരവമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.
കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ കെട്ടിവെക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കര്‍ശന നിര്‍ദേശവും സുപ്രീം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2017 മെയിലാണ് സി.ബി.ഐ ചിദംബരത്തിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.
ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി.