സെയ്ഫ് ചിത്രം ഫാന്റം പാകിസ്ഥാനില്‍ നിരോധിച്ചു
Daily News
സെയ്ഫ് ചിത്രം ഫാന്റം പാകിസ്ഥാനില്‍ നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st August 2015, 10:15 am

phantom

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ അസൂത്രകനായ ഹാഫിസ് സഈദ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് ചിത്രം “ഫാന്റം” പാകിസ്ഥാനില്‍ നിരോധിച്ചു. ലാഹോര്‍ ഹൈക്കോടതിയാണ് ചിത്രം നിരോധിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തന്നെയും തന്റെ സംഘടനയായ ജമാഅത്തുദ്ദഅ്‌വയെയും സിനിമയില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാഫിസ് സഈദ് “ഫാന്റം” നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.

പാകിസ്ഥാനില്‍ നിരോധിക്കപ്പെടുന്ന ചിത്രങ്ങളുടെ ഡി.വി.ഡികള്‍ പിന്നീട് മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കാറുണ്ടെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ആഗസ്റ്റ് 8നായിരുന്നു ചിത്രം റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹാഫിസ് സഈദ് ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

നേരത്തെ സെയ്ഫ് അലി ഖാന്‍ അഭിനയിച്ച “ഏജന്റ് വിനോദ്” സല്‍മാന്‍ ഖാന്‍ അഭിനയിച്ച “എക് ഥാ ടൈഗര്‍” എന്നീ ചിത്രങ്ങള്‍ പാകിസ്ഥാനില്‍ നിരോധിച്ചിരുന്നു. എങ്കിലും ചിത്രത്തിന്റെ ഡി.വി.ഡികള്‍ പാകിസ്ഥാനില്‍ സുലഭമായി ലഭിച്ചിരുന്നു.

26/11 ഭീകരാക്രണവും ആഗോള തീവ്രവാദവും പ്രമേയമായി ചിത്രീകരിച്ച ഫാന്റം ആഗസ്റ്റ് 28നാണ് റിലീസ് ചെയ്യുന്നത്. ഹുസൈന്‍ സൈദിയുടെ ക്രൈം നോവലായ “മുംബൈ അവഞ്ചേഴ്‌സി”നെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തത്.