42 കുടുംബാംഗങ്ങളോടൊപ്പം മരണത്തിനു കീഴടങ്ങി ഫലസ്തീന്‍ റിപ്പോര്‍ട്ടര്‍
World News
42 കുടുംബാംഗങ്ങളോടൊപ്പം മരണത്തിനു കീഴടങ്ങി ഫലസ്തീന്‍ റിപ്പോര്‍ട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th November 2023, 4:36 pm

 

ജെറുസലേം: ഗസയില്‍ 42 കുടുംബാംഗങ്ങളോടൊപ്പം മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. വഫ വാര്‍ത്താ ഏജന്‍സിയുടെ ഫലസ്തീന്‍ റിപ്പോര്‍ട്ടറായ മുഹമ്മദ് അബു ഹസീറയാണ് കൊല്ലപ്പെട്ടത്.

നിലവില്‍ ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ 37 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സി.പി.ജെ ( കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്) പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഇസ്രഈല്‍ കഴിഞ്ഞമാസം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേസിനോടും എ.എഫ്.പിയോടും പറഞ്ഞിരുന്നു.

ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എ.എഫ്.പി ഓഫീസിന്റെ 11 നില കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ പറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് വ്യോമാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്രഈലിനോട് എ.എഫ്.പി ശനിയാഴ്ച ആവശ്യപ്പെട്ടു.

‘ഒരു അന്താരാഷ്ട്രവാര്‍ത്ത ഏജന്‍സിയുടെ ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും ആശങ്കാജനകമായ സന്ദേശമാണ് നല്‍കുന്നത്,’ എ.എഫ്.പി മേധാവി ഫാബ്രിസ് ഫ്രൈസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ ടി.വി വാര്‍ത്താ ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദും അദ്ദേഹത്തിന്റെ കുടുംബത്തിലെ 11 അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

സംരക്ഷണ ആവരണം പോലും മാധ്യമപ്രവര്‍ത്തകരെ ജീവനോടെ നിലനിര്‍ത്തുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സഹപ്രവര്‍ത്തകനായ സല്‍മാന്‍ അല്‍ ബഷീര്‍ അദ്ദേഹത്തിന്റെ ആവരണവും ഹെല്‍മെറ്റും അഴിച്ചുമാറ്റി പൊട്ടിക്കരഞ്ഞു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 10,328 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 4,237 പേരും കുട്ടികളാണ്.

Content Highlight: phalastine Journalist killed by Israeli defense force