[]ഒഡീഷ: ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റായ ഫെയ്‌ലിന്‍ ഇന്ന് വൈകുന്നരേത്തോടെ ഒഡീഷയില്‍ വീശുമെന്ന മുന്നറിയിപ്പില്‍ ആശങ്കാകുലരായി പ്രദേശവാസികള്‍.
കൊടുങ്കാറ്റിനെ പ്രതിരോധിക്കേണ്ട മരങ്ങള്‍ വെട്ടി നശിപ്പിച്ചതിന്റെ ദുരന്തം നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ് ഒഡീഷയിലെ ജഗത്സിങ്പൂരിലെ നാട്ടുകാര്‍. ##പോസ്‌കോ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി സര്‍ക്കാര്‍ പ്രദേശത്തെ 1.7 ലക്ഷം മരങ്ങളും വെറ്റില തോട്ടങ്ങളുമാണ് വെട്ടി മാറ്റിയത്. കാറ്റ് വീശുമ്പോള്‍ ഒരു പരിധിവരെ പ്രതിരോധിക്കേണ്ടിയിരുന്നത് ഈ മരങ്ങളായിരുന്നു.
മുന്‍പ് അനേകം ചവോക്ക് മരങ്ങളും കശുമാവുകളും തിങ്ങിനിറഞ്ഞിരുന്ന പ്രദേശത്ത് ഇപ്പോള്‍ നാമമാത്രമായ മരങ്ങള്‍ മാത്രമാണുള്ളത്. ഉയരത്തില്‍ വളരുന്ന ചവോക്കുമരങ്ങള്‍ ശക്തമായ കാറ്റുകളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയായിരുന്നു.
“ഞങ്ങള്‍ ഇന്ന് നേരിടാന്‍ പോകുന്ന ദുരന്തത്തിന് കാരണം ഭരണകൂടമാണ്. ചുഴലിക്കാറ്റ് ഭീതിയില്‍ ഇപ്പോള്‍ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടു. പണ്ടുള്ളതുപോലെ മരങ്ങളുണ്ടായിരുന്നെങ്കില്‍ ഒരു പരിധിവരെ കാറ്റിനെ അവ പ്രതിരോധിക്കുമായിരുന്നു.” ഒരു പ്രദേശവാസി പറയുന്നു.
അധികൃതര്‍ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മരങ്ങള്‍ വെട്ടിനശിപ്പിച്ചതിന്റെ പരിണിതഫലം അനുഭവിക്കാനിരിക്കുന്നത് നിരപരാധികളായ ജനങ്ങളാണ്.
1999 ലാണ് ഇതിന് മുമ്പ് ഒഡീഷയില്‍ ചുഴലിക്കാറ്റ് വീശിയത്. അന്ന് 10,000 പേര്‍ മരണപ്പെട്ടിരുന്നു. ഇപ്പോള്‍ ഭീതിയുയര്‍ത്തുന്ന ഫെയ്‌ലിന്‍ കൊടുങ്കാറ്റ് അതിനേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ്. അമേരിക്കയില്‍ വീശിയ കത്രീന ചുഴലിക്കാറ്റിനെക്കാള്‍ നാശം ഫെയ്‌ലിന്‍ വിതക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
ഇന്ത്യന്‍ തീരത്തുനിന്ന് 230 കിലോമീറ്റര്‍ അകലെ എത്തിയിരിക്കുകയാണ് ഫെയ്‌ലിന്‍. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കും ഇത്.
ഇന്ന് വൈകുന്നേരത്തോടെ കൊടുങ്കാറ്റ് വീശിത്തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.