| Saturday, 12th October 2013, 3:25 pm

ഫെയ്‌ലിന്‍ കൊടുങ്കാറ്റ് ഇന്ത്യന്‍ തീരത്തോടടുക്കുന്നു; മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഭുവനേശ്വര്‍: ആന്ധ്രാ പ്രദേശ്, ഒഡീഷ തീരങ്ങളെ ഭീതിയിലാഴ്ത്തി ഫെയ്‌ലിന്‍ ചുഴലിക്കാറ്റ് കൂടുതല്‍ അടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടുകൂടി തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കും ഇത്. ആന്ധ്രയുടെയും ഒഡീഷയുടെയും തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിത്തുടങ്ങി.

ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. അടുത്ത 48 മണിക്കൂറില്‍ മഴ തുടരുമെന്നാണ് അറിയുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ചുഴലിക്കാറ്റാണ് ഫെയ്‌ലിന്‍.

വടക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലയായ ശ്രീകാകുളം, ഒഡീഷയിലെ ഗന്‍ജം, ഖുര്‍ദ, പുരി, ജഗത്സിങ് പൂര്‍, എന്നീ ജില്ലകളിലുമാവും ഫെയ്‌ലിന്‍ നാശം വിതക്കുക.

ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കിവെക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി സേനയ്ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ നാശം വിതച്ച കത്രീനയേക്കാളും അപകടകാരിയായിരിക്കും ഫെയ്‌ന എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
രണ്ട് സംസ്ഥാനങ്ങളിലെയും മിക്ക സ്ഥലങ്ങളിലും വൈദ്യുതി നിലച്ചു. ഗതാഗതവും റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. 1999 ല്‍ ഒഡീഷയില്‍ 10,000 ലധികം പേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റിനേക്കാളും അപകടകാരിയായിരിക്കും ഫെയ്‌ലിന്‍.

We use cookies to give you the best possible experience. Learn more