തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ പക്ഷം സ്ഥാപിത താത്പര്യങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയുള്ളതാകരുതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ പി.ജി. സുരേഷ്‌കുമാര്‍. അവതാരകര്‍ അവതാരകന്‍ മാത്രമായിരുന്നാല്‍ മതി, അവതാരമാകേണ്ടതില്ലെന്നും സുരേഷ്‌കുമാര്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ടെലിവിഷനില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് അവതാരകനും അവതാരവും ആകം. ഞാന്‍ വിശ്വസിക്കുന്നത് ഒരു അവതാരകനായി തന്നെ നില്‍ക്കണമെന്നാണ്. കുറച്ചുപേരൊക്കെ നമ്മളെ അവതാരമായി കാണാമെങ്കിലും അതൊരു കെണിയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഭരണപക്ഷത്തിന് ഭജന പാടുന്നതോ, വേദപുസ്തക പരായണമോ അല്ല മാധ്യമപ്രവര്‍ത്തനം. കൃത്യമായ നിലപാടുണ്ടായിരിക്കും. നിഷ്പക്ഷത എന്ന ഒരു പക്ഷമില്ല. നമ്മള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ശരി എവിടെയാണ് എന്നാണ് നോക്കേണ്ടത്.
അധികാരത്തിലിരിക്കുന്ന സമയത്ത് ആ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഏത് പ്രസ്ഥാനത്തിനും ഏഷ്യാനെറ്റിനോട് വിയോജിപ്പുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു സി.പി.ഐ.എമ്മിന്റെ ബഹിഷ്‌ക്കരണമെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.
നമ്മള്‍ ആരും കാണാത്ത തരം വേദനപേറുന്ന ഒരുപാട് മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അഭിപ്രായങ്ങള്‍ തുറന്നുപറയുകയും, ചോദ്യങ്ങള്‍ ചോദിക്കുകയും, തെറ്റുപറയുന്നവരെക്കൊണ്ട് തിരുത്തിക്കാന്‍ നിര്‍ബന്ധിതരാവുകയും, വസ്തുത തുറന്നുകാട്ടുകയുമൊക്കെ ചെയ്യുന്നത് അലോസരപ്പെടുത്തുന്നത് ആരെയാണോ അവര്‍ മാധ്യമപ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കും.
അതിനുള്ള ഏറ്റവും വലിയ ശ്രമം നടക്കുക, നമ്മള്‍ക്ക് ഏതെങ്കിലും പക്ഷമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്. പക്ഷമുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടിയുള്ള ചാപ്പ കുത്തലിന്റെ ഭാഗമായാണ് ഫോണില്‍ പെടുത്തി ഭീഷണപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയല്‍ പ്രചരിപ്പിക്കുന്നതും സംഘം ചേര്‍ന്ന് അക്രമിക്കുന്നതും അതിന്റെ ശ്രമം മാത്രമാണ്. ഇങ്ങനെ ചെയ്യുന്നത് ഒരു ചെറിയ വിഭാഗം മാത്രമാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ആളുകളും കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും മുഖവിലക്ക് എടുത്ത് മുന്നോട്ട് പോകുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഷ്യാനെറ്റ് ന്യൂസിന് പക്ഷമുണ്ടന്ന വിമര്‍ശനത്തിനുള്ള ഒറ്റ മറുപടി, ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാത്ത, അധിക്ഷേപിക്കാത്ത, അകറ്റിനിര്‍ത്താത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയും, മതസംഘടനയുമില്ല എന്നതാണെന്നും സുരേഷ്‌കുമാര്‍ വ്യക്തമാക്കി.
ജനങ്ങള്‍ ഏഷ്യാനെറ്റിനെ ഇപ്പോഴും മുന്നില്‍ നിര്‍ത്തുന്നതിന്റെ കാരണം ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ ജാതിയുടെയോ മത സംഘടനകളുടെയൊന്നും പിന്തുണയില്ലാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്നും സുരേഷ്‌കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.