Kerala News
മാനസിക പീഡനം, ഓട്ടോപ്‌സി ഭ്രഷ്ട്; കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവിക്കെതിരെ പരാതിയുമായി പി.ജി വിദ്യാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 19, 07:15 am
Sunday, 19th January 2025, 12:45 pm

ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിയുടെ കുറിപ്പ്. കോട്ടയം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിയായ ഡോ. വിനീത് കുമാറിന്റേതാണ് കുറിപ്പ്.

തന്റെ പി.ജി പഠനകാലം ഇത്രയും നരകതുല്യമാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിനീത് കുമാര്‍ കുറിപ്പ് തുടങ്ങുന്നത്.

വകുപ്പ് മേധാവി പലപ്പോഴും അശ്ലീല ചുവയോടെയാണ് സംസാരിക്കുന്നതും രണ്ട് തവണ വലതുകൈ ഉയര്‍ത്തി പരസ്യമായി മുഖത്തടിക്കാന്‍ ശ്രമിച്ചുവെന്നും വിനീത് കുമാര്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പി.ജി വിദ്യാര്‍ത്ഥി പ്രതികരിച്ചത്.

‘ഗുരു എന്നാല്‍ ശിഷ്യന്റെ അജ്ഞതയാര്‍ന്ന ഇരുട്ടിനെ മാറ്റി പ്രകാശത്തിലേക്ക് നയിക്കുന്നവരാണ്. ഇവിടെ ഞാനുള്‍പ്പെടെയുള്ള പി.ജി വിദ്യാര്‍ത്ഥികളെ ദു:ഖത്തിന്റെയും കണ്ണീരിന്റെയും മാനസിക പിരിമുറുക്കം മുതല്‍ ജീവഹാനിയുടെ തോന്നലുകളില്‍ വരെ ആഴ്ത്തി ഇരുട്ടിലാക്കി,’ വിനീത് കുമാര്‍

ഇത്തരത്തില്‍ ഡിപ്പാര്‍ട്ട്മെന്റിലെ മറ്റ് അധ്യാപകരും എച്ച്.ഒ.ഡിയില്‍ നിന്ന് പലവിധ ടോർച്ചറുകൾ അനുഭവിക്കുന്നുണ്ടെന്നും വിനീത് കുമാര്‍ പറയുന്നു. അടുത്തിടെ ഒരു അധ്യാപകന്‍ ട്രാന്‍സ്ഫര്‍ വാങ്ങി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോയെന്നും വിദ്യാര്‍ത്ഥി കുറിച്ചു.

രണ്ട് തവണ ‘Mortuary ബാന്‍’ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കേസ് തരാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും വിനീത് കുമാര്‍ പറഞ്ഞു.

തനിക്ക് അനുവദിച്ച കേസ് തന്റെ പേര് വെട്ടി മറ്റു പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുക, മറ്റുള്ളവരുടെ കേസ് കാണാന്‍ അനുവദിക്കാതിരിക്കുക, മറ്റ് അധ്യാപകരോട് തന്നെ പഠിപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദേശം, മോര്‍ച്ചറിയില്‍ കേറാന്‍ വിലക്ക് തുടങ്ങിയ ദുരവസ്ഥകളും അനുഭവിച്ചുവെന്നും വിനീത് പറയുന്നു.

മുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന ജാതിഭ്രഷ്ടിന് സമാനമായ ‘Autopsy-ഭ്രഷ്ട്’ ഏര്‍പ്പെടുത്തിയതിലൂടെ തന്റെ വിദ്യാഭ്യാസവും തൊഴിലും നിഷേധികുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

തനിക്കെതിരെ ഉന്നയിച്ച വ്യാജ സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിനീത് കുമാര്‍ അറിയിച്ചു.

എന്നാല്‍ പരാതിയില്‍ അന്വേഷണം ഉണ്ടായെങ്കിലും തനിക്ക് നീതി അകലെയാണെന്നും വിനീത് കുമാര്‍ പറയുന്നു. ഇനിയും ഇങ്ങനെ എത്ര നാള്‍ ചത്ത് ജീവിക്കണമെന്നും വിനീത് കുമാര്‍ കുറിപ്പില്‍ ചോദിക്കുന്നു.

Content Highlight: PG student complains against head of forensics at Kottayam Medical College