തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഭാഗികമായി പിന്‍വലിച്ചത്.
കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പി.ജി ഡോക്ടര്‍മാര്‍ സേവനം തുടരും.
അതേസമയം, ഒ.പി, വാര്‍ഡ് എന്നിവിടങ്ങളിലെ ബഹിഷ്‌കരണം തുടരും. പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരം ഭാഗികാമായി പിന്‍വലിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ സ്‌റ്റൈപ്പന്റ് വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കാനുള്ള ഉറപ്പും ലഭിച്ചിട്ടില്ല.
പി.ജി ഡോക്ടര്‍മാരുടെ ജോലിഭാരത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിലെ റെസിഡന്റ് മാന്വല്‍ പ്രകാരമാണോ ജോലി ചെയ്യുന്നതെന്നും മാന്വലിന് അധികമായി എവിടെയൊക്കെയാണ് ജോലി ചെയ്യിക്കുന്നതെന്നും സമിതി അന്വേഷിക്കും.
സംഘടന പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപവത്കരിക്കാനാണ് തീരുമാനം.
അതേസമയം, പി.ജി ഡോക്ടര്‍മാരുടെ സ്റ്റൈപന്റ് വര്‍ധന ഇപ്പോള്‍ സാധ്യമാവില്ലെന്ന് ധനകാര്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് രണ്ട് തവണ ആരോഗ്യവകുപ്പിലേക്ക് ഇതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയക്കേണ്ടി വന്നതെന്നാണ് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലുള്ളത്രയും സ്‌റ്റൈപ്പെന്റ് കൊടുക്കുന്നില്ലെന്ന കാര്യവും ധനകാര്യവകുപ്പ് പരിഗണിക്കുന്നുണ്ടെന്നും കേരളത്തിലെ ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാര്‍ക്ക് 55,120 രൂപ കിട്ടുമ്പോള്‍ തമിഴ്നാട്ടില്‍ 48,000 രൂപയേ കിട്ടുന്നുള്ളുവെന്നും ധനകാര്യവകുപ്പ് പറഞ്ഞിരുന്നു.
നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങിയിട്ടുണ്ടെന്നും ഒന്നാം വര്‍ഷ പി.ജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നത്.
പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്റ് നാല് ശതമാനം വര്‍ധിപ്പിക്കുക, നീറ്റ് പി.ജി ഒന്നാം വര്‍ഷ പ്രവേശന നടപടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി പ്രവേശനം വേഗത്തിലാക്കുക, കൂടുതല്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.