വാഷിംഗ്ടണ്‍: കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാക്സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു.
എട്ടുമാസത്തോളം നീണ്ട വാക്‌സിന്‍ പരീക്ഷണത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് പിന്നിടുന്നത് ഫൈസര്‍ വക്താവ് അറിയിച്ചു. ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ടെക് എസ്.ഇക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ക്ക് വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസര്‍ പറഞ്ഞു.
65 വയസ്സിനു മുകളിലുള്ളവരിലും വാക്‌സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.
വാക്സിന്‍ നിര്‍മിക്കുമ്പോള്‍ പുലര്‍ത്തുന്ന ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതര്‍ക്ക് കൈമാറും.
അതിനിടെ ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വാക്സിന്‍ മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കുകയും വിതരണത്തിനായി കൊണ്ടുപോകുകയും ചെയ്യണമെന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.
എന്നാല്‍ എല്ലാ സാധ്യതകളും ആരായുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക