| Monday, 9th November 2020, 7:50 pm

പുതുപ്രതീക്ഷ; കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: തങ്ങള്‍ നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞതായി വാക്‌സിന്‍ നിര്‍മാണ കമ്പനിയായ ഫൈസര്‍. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

മൂന്നാം ഘട്ടത്തിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയകരമായ ഡാറ്റ കാണിക്കുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസറിന്റേത്. ഒപ്പം കൊവിഡ് വാക്‌സിന്‍ വികസനത്തില്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന ലോകത്തെ 10 വാക്‌സിനുകളിലൊന്നുമാണ് ഇത്. ഈ പത്ത് വാക്‌സിനുകളില്‍ നാലെണ്ണം സംബന്ധിച്ച് യു.എസില്‍ വിശദപഠനം നടന്നു വരികയാണ്.

അടിയന്തര ഘട്ടത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാന്‍ ഫൈസര്‍ ഒരുങ്ങുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

രണ്ട് ഡോസ് വാക്‌സിനില്‍ രണ്ടാമത്തെ ഡോസ് എടുത്ത് കഴിഞ്ഞ് ഏഴുദിവസത്തിനകം വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് കൊവിഡ് ബാധയില്‍ നിന്നും പ്രതിരോധം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ പറയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചത്.

ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ 43,538 പേരാണ് പങ്കാളിയായത്. അമേരിക്കയെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരിലും പരീക്ഷണം നടത്തിയിരുന്നു.

വൈറസ് ബാധയില്‍ നിന്ന് വാക്‌സിന്‍ ദീര്‍ഘകാല സംരക്ഷണം നല്‍കുമോ, ഒരിക്കല്‍ വൈറസ് ബാധിച്ചവര്‍ക്ക് വീണ്ടും ബാധിക്കാതെ വാക്‌സിന്‍ സംരക്ഷണം നല്‍കുമോ എന്നതു സംബന്ധിച്ചും പരീക്ഷണം നടന്നു വരികയാണ്.

Content Highlight: Pfizer early trials show vaccine 90% effective in preventing Covid-19

We use cookies to give you the best possible experience. Learn more