| Saturday, 12th March 2022, 1:09 pm

പി.എഫ് പലിശ നിരക്ക് കുറച്ചു; ആറ് കോടി ശമ്പളക്കാരെ ബാധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കുറച്ചു. 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായാണ് കുറച്ചിരിക്കുന്നത്. രാജ്യത്തെ ആറ് കോടി ശമ്പളക്കാരെ ഇത് ബാധിക്കും. പത്തുകൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണിത്. രാജ്യത്തെ ആറു കോടിയോളം ശമ്പളക്കാരെ നേരിട്ടു ബാധിക്കുന്നതാണ് തീരുമാനം

അസമിലെ ഗുവാഹട്ടിയില്‍ ചേര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. പലിശ നിരക്ക് സംബന്ധിച്ച ശുപാര്‍ശയില്‍ ധനമന്ത്രാലയമാണ് അന്തിമതീരുമാനമെടുക്കുക.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഇ.പി.എഫ്.ഒ ബോര്‍ഡ് 2020-21 മുന്‍ സാമ്പത്തിക വര്‍ഷത്തേക്ക് 8.5 ശതമാനം പലിശ നിരക്ക് ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ബിസിനസ്, ജീവനക്കാരുടെ പക്ഷത്തു നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന CBT ആണ് പലിശ നിരക്ക് നിര്‍ദേശം നിശ്ചയിക്കുന്നത്. തുടര്‍ന്നാണ് ധനമന്ത്രാലയം ശുപാര്‍ശ അംഗീകരിക്കുന്നത്.

ഇ.പി.എഫ് പലിശ 8 ശതമാനമായിരുന്ന 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇ.പി.എഫ് വരിക്കാര്‍ക്ക് 2016-17 വര്‍ഷത്തില്‍ 8.65 ശതമാനവും 2017-18ല്‍ 8.55 ശതമാനവും പലിശയാണ് നല്‍കിയത്. 2018-19 വര്‍ഷത്തില്‍ നല്‍കിയ 8.65 ശതമാനത്തില്‍നിന്ന് 2019-20ലാണ് 8.5 ശതമാനമായി കുറച്ചത്.

Content Highlights: PF Rate For 2021-22 Slashed To 8.1% From 8.5%, Four-Decades Low: Sources

We use cookies to give you the best possible experience. Learn more