Movie Day
മാധ്യമങ്ങള്‍ക്ക്, സ്വപ്നാ സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്‌നം,ബ്രഹ്‌മപുരം വിട്ടുപോവുക എന്നതല്ലാതെ മറ്റെന്ത് വഴിയാണ് കൊച്ചിക്കാര്‍ക്കുള്ളത്: സംവിധായകന്‍ പി.എഫ്. മാത്യൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 10, 06:24 pm
Friday, 10th March 2023, 11:54 pm

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളേയും മാധ്യമങ്ങളേയും വിമര്‍ശിച്ച് സംവിധായകന്‍ പി.എഫ്. മാത്യൂസ്. ഈ സാഹചര്യം ഉണ്ടാകാനിടാക്കിയവരെ തൊടാന്‍ പോലുമാകില്ലെന്ന് തനിക്ക് അറിയാമെന്നും സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസുകാരന്റെയും സ്വന്തക്കാര്‍ ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങള്‍ പറയുന്നതില്‍ അതിശയമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും സ്വപ്നാ സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്‌നമെന്ന മട്ടിലാണ് മാധ്യമങ്ങളെന്നും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ തങ്ങളെ യഥാര്‍ത്ഥത്തില്‍ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാര്‍ത്ഥമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

‘ഒരിക്കലും കൊച്ചി വിട്ടുപോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോള്‍ എങ്ങനേയും ഓടി രക്ഷപ്പെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണ്. എന്നെപ്പോലെ അനേകം പേരുണ്ടെന്ന് അറിയാം. വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറില്‍ നിന്ന് പക്ഷികള്‍ പറന്നകന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാന്‍ പോലും പറ്റില്ലെന്ന് അറിയാം. സി.പി.ഐ.എമ്മിന്റെ സ്വന്തക്കാരും കോണ്‍ഗ്രസുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങള്‍ തന്നെ പറയുന്നുണ്ട്. അതില്‍ അതിശയമൊന്നുമില്ല.

എത്രയോ വര്‍ഷങ്ങളായി ഞങ്ങള്‍ ഇതനുഭവിക്കുന്നു. പക്ഷെ ഇപ്പോഴും സ്വപ്നാ സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്‌നമെന്ന മട്ടിലാണ് മാധ്യമങ്ങള്‍. ഉത്തരവാദിത്വമുണ്ടെന്നു കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഞങ്ങളെ യഥാര്‍ത്ഥത്തില്‍ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാര്‍ത്ഥമായി പറഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് മെട്രോ റെയിലിന്റെ ഉദ്ഘാടന മഹാമഹത്തില്‍ ഇറക്കിയ ഒരു പത്രത്തിന്റെ സപ്ലിമെന്റിലേക്ക് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് കൊച്ചിക്ക് ഇപ്പോള്‍ വേണ്ടത് മികച്ച ഒരു മാലിന്യ സംസ്‌ക്കരണ സംവിധാനമാണ് എന്നാണ്. അന്നത്തെ ആഘോഷങ്ങള്‍ക്കു ചേരാത്ത വാചകമായതിനാല്‍ അവരത് ഉപേക്ഷിച്ചു.

ഇന്നലെ വിദേശത്ത് നിന്നു വിളിച്ച ചങ്ങാതിയോട് കൊച്ചി നൊസ്റ്റാള്‍ജിയ കൊണ്ട് ഇങ്ങോട്ടു വരല്ലേ എന്നു പറഞ്ഞപ്പോള്‍ ഇനി കേരളത്തിലേക്കു തന്നെ വരുന്നില്ലെന്നാണ് പറഞ്ഞത്. പക്ഷികള്‍ക്കു മുമ്പേ യുവാക്കള്‍ ഇവിടെ നിന്നു പറന്നകലാന്‍ തുടങ്ങിയിരുന്നു. അവര്‍ക്ക് എന്ത് പ്രതീക്ഷയാണ് നമ്മള്‍ കൊടുത്തത്. ജനതയോട് സ്‌നേഹമോ സഹതാപമോ ഇല്ലാതെ ഭരിച്ചു നശിപ്പിച്ച രാഷ്ട്രീയക്കാരുള്ള ഈ നാട്ടില്‍ നിന്നവര്‍ ഓടി രക്ഷപ്പെടുകയാണ്.

ഇടതിനേയും വലതിനേയും ദോഷം പറഞ്ഞു കൊണ്ട് കസേരയും നോക്കിയിരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ ജനതയെ കയ്യിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോള്‍ വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്. ഇത്രയുമാകുമ്പോഴേക്കും സൈബര്‍ ഗുണ്ടകള്‍ ചാവേറായി ഇങ്ങെത്തുമെന്നറിയാം, വരട്ടെ. എന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല. പ്രിയമുള്ള കൊച്ചീക്കാരേ, ഇനിയീ മണ്ണില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഇവിടം വിട്ടു പോകുക എന്നതല്ലാതെ മറ്റെന്ത് വഴിയാണ് നമ്മുടെ മുന്നിലുള്ളത്,’ പി.എഫ്. മാത്യൂസ് കുറിച്ചു.

Content Highlight: pf Mathews criticizes political parties and media over fire at Brahmapuram waste plant