പല സംവിധായകരും സിനിമയുടെ തിരക്കഥ എങ്ങനെയാവണം എന്നാലോചിക്കുമ്പോള്‍ ദൃശ്യങ്ങളെക്കുറിച്ച് മാത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിന്തിക്കുന്നതെന്ന് എഴുത്തുകാരന്‍ പി.എഫ് മാത്യൂസ്. സിനിമയെ സാഹിത്യത്തിന്റെ തുടര്‍ച്ചയാക്കാനല്ല, ദൃശ്യങ്ങള്‍ കൊണ്ടുമാത്രം സാധ്യമാവുന്ന സ്വതന്ത്ര കലാരൂപമായാണ് ലിജോ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമം പത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് പി.എഫ് മാത്യൂസ്. ജല്ലിക്കെട്ടിലൂടെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ കരസ്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ഈ.മ.യൗവിനും ഗോവ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
‘ചലച്ചിത്രകാരന്മാരില്‍ ഭൂരിഭാഗവും സാഹിത്യത്തോടും എഴുത്തിനോടും കൂറുള്ളവരാണ്. സിനിമ എങ്ങനെ ദൃശ്യവല്‍ക്കരിക്കാം എന്നല്ല, എങ്ങനെ നാടകീയമാക്കാം എന്നാണ് അവര്‍ ചിന്തിക്കാറ്. എന്നാല്‍ ദൃശ്യാത്മകമായി എത്രത്തോളം ശക്തമാക്കാം എന്നാണ് ലിജോ ചിന്തിക്കുക. ജല്ലിക്കട്ടില്‍ തിരക്കഥയെയും എഴുതപ്പെട്ട വാക്കുകളെയും ദൃശ്യങ്ങള്‍ക്കൊണ്ട് അദ്ദേഹം മറികടക്കുന്നു’
‘മലയാള സിനിമയിലെ മുഖ്യധാരാ വിപണന സിനിമയ്ക്കും അക്കാദമിക കലാ സിനിമയ്ക്കും അതിന്റേതായ ഫോര്‍മുലകളുണ്ട്. ലിജോ ഇവ രണ്ടിനും പുറത്താണ്. അദ്ദേഹം മുഖ്യധാരയിലും കലാ സിനിമകളിലുമില്ല. ദൃശ്യങ്ങള്‍കൊണ്ട് സിനിമയെ ആലോചിക്കുന്ന ചലച്ചിത്രകാരന്മാര്‍ മലയാളത്തില്‍ കുറവാണ്. അടൂരിന് ശേഷം പുതിയതലമുറയിലാണ് അല്‍പമെങ്കിലും ഇത്തരക്കാറുള്ളത്. അതില്‍ പ്രധാനിയാണ് ലിജോ’.
വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം മുതലേ ലിജോയെ അറിയാമെന്നും പി.ഫ് മാത്യൂസ് പറഞ്ഞു. തന്റെ ടെലിവിഷന്‍ പ്രോഗ്രാമുകളിലെ അഭിനേതാവായിരുന്ന പിതാവ് ജോസ് പെല്ലിശ്ശേരിയെ കാണാന്‍ സെറ്റില്‍ വരുമായിരുന്നെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘കൗമാരക്കാരനായ ലിജോ സമപ്രായക്കാരോടെന്നപോലെയായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അത്രയൊന്നും അറിയപ്പെടാതിരുന്ന അക്കാലത്ത് എന്നെക്കുറിച്ച് സകല വിവരങ്ങളും ലിജോയ്ക്കറിയാമായിരുന്നു’, പി.എഫ് മാത്യൂസ് പറഞ്ഞു.
ചുറ്റുപാടിനെയും വ്യക്തികളെയും നിരീക്ഷിക്കുന്നതില്‍ അന്നേ ഗൗരവം പുലര്‍ത്തിയിരുന്നു. മികച്ച ദൃശ്യാനുഭവത്തിനായി എന്തുതരം വെല്ലുവിളി ഏറ്റെടുക്കാനും തയ്യാറുള്ള ലിജോയ്‌ക്കൊപ്പം ഇനിയും കൂട്ടുചേരാന്‍ സന്തോഷമേയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ