| Friday, 5th January 2018, 12:54 pm

പുതിയ സ്വിഫ്റ്റിനു വെല്ലുവിളിയുമായി പ്യൂഷോ കാറുകള്‍ ആദ്യമെത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ മാരുതി സ്വിഫ്റ്റിന് വെല്ലുവിളിയുമായി ഒരു മുഴംമുമ്പേ ഇന്ത്യയില്‍ ചുവട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ. ഇതിനു മുന്നോടിയായി സി.കെ ബിര്‍ല ഗ്രൂപ്പുമായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ കൈകോര്‍ത്തിട്ടുണ്ട്. 2019 ഓടെ പ്യൂഷോ കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

മുമ്പ് 2011 ല്‍ ഇന്ത്യയില്‍ എത്തിയ പ്യൂഷോ മുംബൈയില്‍ ഓഫീസ് തുറന്നിരുന്നു. ഒപ്പം ഗുജറാത്തില്‍ പ്ലാന്റിനായുള്ള സ്ഥലവും കമ്പനി കണ്ടെത്തി വെച്ചതാണ്. എന്നാല്‍ സാമ്പത്തിക കാരണങ്ങളാല്‍ പദ്ധതിയില്‍ നിന്നു പിന്മാറുകയായിരുന്നു. പക്ഷേ ഇത്തവണ വിപണി കീഴടക്കാന്‍ എത്രയും പെട്ടെന്ന് ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്യൂഷോ.

208 ഹാച്ച്ബാക്കുമായാണ് ഇന്ത്യയില്‍ പ്യൂഷോ എത്തുന്നതെന്നാണ് സൂചന. പി.സി.എ മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ” പേരിലാണ് പ്യൂഷോ 208 ഹച്ച്ബാക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാകും പ്യൂഷോ 208 വിപണിയില്‍ അരങ്ങേറ്റം കുറിക്കുക. 80 ബി.എച്ച.പി കരുത്തേകുന്നതാകും എഞ്ചിന്‍. പെട്രോള്‍ പതിപ്പിനൊപ്പം ഡീസല്‍ പതിപ്പും ഹാച്ച്ബാക്കില്‍ ഒരുങ്ങും.

പവര്‍ വിന്‍ഡോസ്, ഇലക്ട്രിക്കല്‍ ഒ.ആര്‍.വി.എം എന്നിവയാണ് മോഡലിന്റെ പ്രധാന സവിശേഷതകള്‍. ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യൂവല്‍ ഫ്രണ്ട്‌സൈഡ് എയര്‍ബാഗുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

പ്യൂഷോ 208 ഹാച്ച്ബാക്കിനൊപ്പം പ്യൂഷോ 3008 എസ.യു.വിയും വിപണിയില്‍ എത്തുമെന്നാണ് വിവരം.

We use cookies to give you the best possible experience. Learn more