കെ.എം. ഷഹീദ്
മാര്‍ച്ച് 20, പുലര്‍ച്ചെ 3.30 സമയം,
സര്‍വ്വായുധ വിഭൂഷിതരായെത്തിയ പോലീസ് സംഘം പെട്ടിപ്പാലത്തെ മാലിന്യ വിരുദ്ധ സമര കേന്ദ്രം വളഞ്ഞു. അപ്പോള്‍ സമരപ്പന്തലില്‍ ഒരാള്‍ മാത്രം. അയാളെ അറസ്റ്റു ചെയ്ത് പോലീസ് വാഹനത്തിലേക്ക് മാറ്റി. സമരപ്പന്തല്‍ പൊളിച്ചുനീക്കിയ പോലീസ് പന്തലിന് തീവെച്ചു. സമരപ്പന്തലിലുണ്ടായിരുന്നു മഹാത്മാഗാന്ധിയുടെ ചിത്രവും വിവിധ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും പോലീസ് ചുട്ടെരിച്ചു. അവിടെ അങ്ങിനെയൊരു സമരം നടന്നതിന്റെ എല്ലാ അടയാളങ്ങളും നശിപ്പിക്കുകയായിരുന്നു അധികാരികളുടെ ലക്ഷ്യം. മുകളില്‍ നിന്നുള്ള നിര്‍ദേശം അവര്‍ കൃത്യമായി അനുസരിച്ചു.
പോലീസ് വരുമെന്ന് അവര്‍ കരുതിയിരുന്നു. പുലര്‍ത്തെ അഞ്ചുമണിക്ക് പോലീസ് എത്തുമെന്ന വിവരമുണ്ടായിരുന്നു. എന്നാല്‍ 3.30ന് തന്നെ പോലീസ് എത്തി ഭീകരത തുടങ്ങി. ഒരു മാലിന്യ വിരുദ്ധ സമരത്തെ പോലീസ് ഈ രീതിയില്‍ നേരിടുന്നത് കേരളത്തില്‍ ആദ്യമായിട്ടായിരിക്കും. സംഭവമറിഞ്ഞെത്തിയ ഓരോരുത്തരെയായി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ ജോലിക്കായി പുറത്തിറങ്ങിയവരും തൊട്ടടുത്ത പള്ളിയില്‍ സുബ്ഹ് നിസ്‌കാരത്തിനെത്തിയവരും അറസ്റ്റ് ചെയ്യപ്പെട്ടു. സംഭവ സ്ഥലത്തിന് 500 മീറ്റര്‍ പരിധിയില്‍ പോലീസ് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
പോലീസ് നടപടിയില്‍ നാട്ടില്‍ ജനരോഷമുയര്‍ന്നു. നേരം പുലര്‍ന്നതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം പോലീസ് ഭീകരതയില്‍ പ്രതിഷേധിക്കാനായി സംഘടിച്ചു. പോലീസ് തീയിട്ട് നശിപ്പിച്ച മാലിന്യ വിരുദ്ധ സമരപ്പന്തല്‍ നിന്ന സ്ഥലത്തേക്ക് അവര്‍ മാര്‍ച്ച് നടത്തി. എന്നാല്‍ മാര്‍ച്ച് പോലീസ് ക്രൂരമായാണ് നേരിട്ടത്. മാര്‍ച്ചിന്റെ മുന്‍നിരയിലുള്ളവരെ അറസ്റ്റ് ചെയ്ത പോലീസ് പ്രത്യേകമായ പ്രകോപനമൊന്നുമില്ലാതെ ശക്തമായ ലാത്തിചാര്‍ജ്ജ് ആരംഭിച്ചു. പലര്‍ക്കും ക്രൂരമായ ലാത്തിയടിയേറ്റു. ചെറിയ കുട്ടികളെപ്പോലും റോഡിലൂടെ വലിച്ചിഴച്ചു. സമരക്കാരെ പോലീസിനെ ഉപയോഗിച്ച് ആക്രമക്കുകയായിരുന്നു തലശ്ശേരി നഗരസഭ ചെയ്തത്. പോലീസ് ഭരണകൂടത്തിന്റെ ഗുണ്ടകളെപ്പോലെ പെരുമാറി. എന്നാല്‍ ഒരു ജനതയുടെ അതിജീവനത്തിനുള്ള ചെറുത്തുനില്‍പ്പിനെ പോലീസ് ഭീകരത ഉപയോഗിച്ച് അടിച്ചമാര്‍ത്താന്‍ കഴിയില്ലെന്ന് തിരിച്ചറിയാന്‍ അധികാരി വര്‍ഗ്ഗത്തിന് കഴിയാതെ പോയി.
ഇത് പുന്നോല്‍ പെട്ടിപ്പാലം. തലശ്ശേരി നഗര സഭയുടെ മാലിന്യം പേറാന്‍ വിധിക്കപ്പെട്ട നാട്. നിത്യേന കുമിഞ്ഞുകൂടുന്ന മാലിന്യം സംസ്‌കരിക്കാന്‍ പോലും ഇവിടെ സംവിധാനമില്ല. 1958ലാണ് ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങുന്നത്. അന്ന കോര്‍പറേഷനിലെ കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായിരുന്നു ഇവിടം. അന്നു തന്നെ ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. പിന്നീട് തലശ്ശേരി നഗരം വളര്‍ന്നു. കക്കൂസ് മാലിന്യത്തിന് പകരം വന്‍തോതില്‍ നഗര മാലിന്യം ഇവിടെ അടിഞ്ഞുകൂടാന്‍ തുടങ്ങി.
തങ്ങളുടെ വെള്ളവും വായവും പരിസരവും മലിനീകരിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവര്‍ക്ക് നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല. 1987ല്‍ ജനകീയ സമര സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. സി.പി.ഐ.എമ്മായിരുന്നു സമരത്തിന് നേതൃത്വം. അന്ന് തലശ്ശേരി മുനിസിപ്പാലിറ്റിയും പെട്ടിപ്പാലം ഉള്‍ക്കൊള്ളുന്ന ന്യൂമാഹി പഞ്ചായത്തും ഭരിക്കുന്നത് യു.ഡി.എഫ്. സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനാണ് 87ല്‍ സമരപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. പലപ്പോഴായി സമര സമിതിയും മുനിസിപ്പാലിറ്റിയും തമ്മില്‍ കരാറുണ്ടാക്കി. എന്നാല്‍ ഒന്നും പാലിക്കപ്പെട്ടില്ല. പിന്നീട് തലശ്ശേരി മുനിസിപ്പാലിറ്റിയിലും ന്യൂമാഹി പഞ്ചായത്തിലും ഇടതുപക്ഷം അധികാരത്തില്‍ വന്നു. സി.പി.ഐ.എം സമരത്തില്‍ നിന്ന് പതുക്കെ പിന്‍വലിഞ്ഞു.
എന്നാല്‍ ജനങ്ങള്‍ വീണ്ടും സംഘടിച്ച് അധികാരികളോട് പ്രശ്‌നം ഉന്നയിച്ചു. ഇത്തവണ സി.പി.ഐ.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിനിടെ ജമാഅത്തെ ഇസ് ലാമിയുടെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ സമിതിയും മാലിന്യ പ്രശ്‌നത്തില്‍ സമരം തുടങ്ങിയിരുന്നു. കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 2001 ഔക്ടോബര്‍ 31 ഓടെ പുന്നോല്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യ നിക്ഷേപം നിര്‍ത്തുമെന്ന് ഉറപ്പ് ലഭിച്ചു. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. അങ്ങിനെയാണ് നവംബര്‍ ഒന്നിന് ട്രഞ്ചിങ് ഗ്രൗണ്ടിന് മുന്നില്‍ കുടില്‍കെട്ടി നാട്ടുകാര്‍ സമരം തുടങ്ങിയത്. അതിന് ശേഷം മാലിന്യ വാഹനങ്ങളൊന്നും ഇവിടേക്ക് വന്നിട്ടില്ല.
ഇതിനിടെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നുവെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെട്ട ആറു മാസ കാലയളവ് അനുവദിക്കാന്‍ സമരക്കാര്‍ തയ്യാറല്ലായിരുന്നു. സമയം അനുവദിക്കാം, പക്ഷെ ഇക്കാലയളവില്‍ പ്രശ്‌നം പരിഹരിക്കാന്‍ വിശ്വാസ്യ യോഗ്യമായ എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനുള്ളതെന്ന് സമരക്കാര്‍ ചോദിച്ചു. സര്‍ക്കാര്‍ ഉത്തരം മുട്ടിയപ്പോള്‍ സമരല്ലാതെ ജനങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു.
സമാധാനപരമായാണ് മൂന്ന് മാസക്കാലയളവില്‍ സമരം നടന്നത്. ദേശീയ പാതക്കരില്‍ നടന്ന സമരത്തിനിടെ ഒരു ദിവസം പോലും വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നില്ല, ഗതാഗതം തടസപ്പെട്ടില്ല. മറ്റൊരു അനിഷ്ട സംഭവങ്ങളുമുണ്ടായില്ല. എന്നാല്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത നിശ്ചയ ധാര്‍ഢ്യം ജനങ്ങള്‍ക്ക് കൈമുതലായുണ്ടായിരുന്നു. ഈ നിശ്ചയ ദാര്‍ഢ്യമാണ് ഭരണകൂടത്തെയും വിറളി പിടിപ്പിച്ചത്. പിന്നീട് പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
പെട്ടിപ്പാലം സമരത്തെ അടിച്ചമര്‍ത്താന്‍ ബഹ്യ ശക്തികള്‍ ശ്രമിച്ചു
സമര സമിതി ചെയര്‍മാന്‍ അജയകുമാര്‍ സംസാരിക്കുന്നു…
കടലും ദേശീയ പാതയും റെയില്‍ പാളവും സംഗമിക്കുന്ന പ്രത്യേകമായ സ്ഥലത്താണ് പെട്ടിപ്പാലം മാലിന്യ നിക്ഷേപ കേന്ദ്രമുള്ളത്. മറ്റെവിടെയുമില്ലാത്ത ഒരു സാഹചര്യമാണിത്. സി.ആര്‍.സെഡ്(Costal Regulation Zon) നിയങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇവിടെ മാലിന്യ നിക്ഷേപം നടക്കുന്നത്. സുപ്രീം കോടതി ഉത്തരവില്‍ സി.ആര്‍.സെഡ് പ്രദേശത്ത് മാലിന്യം തള്ളരുതെന്ന് ശക്തമായി നിര്‍ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ സി.ആര്‍.സെഡ് മേഖലയില്‍ മാലിന്യം തള്ളരുതെന്ന് കാണിച്ച് ന്യൂമാഹി പഞ്ചായത്ത് മുനിസിപ്പാലിറ്റിക്ക് നോട്ടീസ് നല്‍കുകയും അതിന്റെ കോപ്പി ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. സ്വഭാവികമായും പോലീസ് സംരക്ഷണം കിട്ടേണ്ടത് പഞ്ചായത്തിനും സമരസമിതിക്കുമാണ്. എന്നാല്‍ അതുണ്ടായില്ല.
87ല്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ മാലിന്യ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയിരുന്നു. അന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണനാണ് സമരം ഉദ്ഘാടനം ചെയ്തത്. അന്ന് പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഭരിച്ചിരുന്നത് യു.ഡി.എഫ് ആയിരുന്നു. എന്നാല്‍ പിന്നീട് ഭരണ മാറ്റം നടന്നതോടെ അവരെ കാണാതായി. അന്നത്തെ സമരം യഥാര്‍ത്ഥത്തില്‍ മാലിന്യ വിരുദ്ധ സമരമായിരുന്നില്ല. യു.ഡി.എഫ് വിരുദ്ധ സമരമായിരുന്നു.
ഇതിനിടെ 89-90 കാലഘട്ടത്തില്‍ പൗരസമിതിയെന്ന പേരില്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതേ കാലയളവില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ സമിതിയുടെ കീഴില്‍ സമരം തുടങ്ങി. ഇക്കാലയളവില്‍ പൗരസമിതി പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. പിന്നീട് പൊതുജനാരോഗ്യ സമിതിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ഞാനും ആ സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.
2010 നവംബറില്‍ പെട്ടിപ്പാലത്ത് ഒരു സമരം നടന്നിരുന്നു. അന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ബാലകൃഷ്ണന്‍ യോഗം വിളിച്ചു. അതില്‍ കലക്ടര്‍ മുന്‍കയ്യെടുത്ത് ഘട്ടം ഘട്ടമായി മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഒരു പദ്ധതിയുണ്ടാക്കി. പെട്ടിപ്പാലത്ത് ദിവസവും നിക്ഷേപിക്കുന്ന 30 ടണ്‍ മാലിന്യം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ട് വരാമെന്നും 12 ാമത്തെ മാസത്തോടെ തലശ്ശേരിയില്‍ നിന്നും പെട്ടിപ്പാലത്തേക്ക് മാലിന്യം കൊണ്ടുവരുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവെക്കുമെന്നുമായിരുന്നു കലക്ടറുടെ നിര്‍ദേശം.
മുനിസിപ്പാലിറ്റികളിലെ 52 വാര്‍ഡുകളിലും മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കാമെന്നായിരുന്നു നിര്‍ദേശം. മാലിന്യം ഉദ്ഭവ സ്ഥാനത്ത് വെച്ച് തന്നെ സംസ്‌കരിക്കുന്നതായിരുന്നു പദ്ധതി. അതിനായിവന്‍ പ്രചാരണം നടത്തി. സ്ഥാപനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. ഇതൊക്കെ പരിശോധിക്കാന്‍ ആര്‍.ഡി.ഒ അബ്ദുള്‍ നാസര്‍ ചെയര്‍മാനായി മോണിറ്ററിങ് കമ്മിറ്റിയെ വെക്കുകയും ചെയ്തു.
എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ആദ്യ ഒന്നോ രണ്ടോ മാസം മോണിറ്ററിങ് കമ്മിറ്റി പോലും വിളിച്ചില്ല. ഇതിനിടെ മാലിന്യ പ്രശ്‌നം രൂക്ഷമായി. ശക്തമായ മഴയില്‍ മാലിന്യം ജീര്‍ണ്ണിച്ച് കുഴമ്പ് രൂപത്തിലായി. വാഹനത്തിന് പോവും പ്രവേശിക്കാാനാകാത്ത രീതിയില്‍ മാലിന്യം വര്‍ധിച്ചു. എന്നാല്‍ 12 സ്ഥലത്ത് കടല്‍ ഭിത്തി പൊളിച്ച് ഈ മാലിന്യം കടലിലേക്ക് തള്ളിയാണ് മുനിസിപ്പാലിറ്റി ഇത് പരിഹരിച്ചത്. തീര നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഇത്. കലക്ടര്‍ക്കും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും മറ്റ് അധികാരികള്‍ക്കും ഇതെക്കുറിച്ച് സമര സമിതി പരാതി നല്‍കിയിരുന്നു. ആര്‍.ഡി.ഒയും പോലീസും സ്ഥലത്തെത്തി മഹസര്‍ തയ്യാറാക്കി. എന്നാല്‍ നാളിതുവരെ ഇതു സംബന്ധിച്ച് ഒരു നടപടിയുമെടുത്തിട്ടില്ല. സര്‍വ്വത്ര നിയമലംഘനമായിരുന്നു.
ഇതിനിടെ സമര രീതിയില്‍ ചില അഭിപ്രായ വ്യത്യാസമുയര്‍ന്ന സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു സമര സമിതി രൂപീകരിക്കപ്പെട്ടു. പിന്നീട് പ്രദേശത്തെ രണ്ട് വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ സമര സമിതി രൂപീകരിക്കപ്പെട്ടു. അതിന്റെ നേതൃത്വം എനിക്കായിരുന്നു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, വ്യാപാരി വ്യവസായി, പള്ളി, അമ്പല ക്കമ്മിറ്റികള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ആദ്യഘട്ടത്തില്‍ പുതിയ സമര സമിതിയോട് വൈരാഗ്യബുദ്ധിയോടെയായിരുന്നു പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പെരുമാറിയത്. എന്നാല്‍ രണ്ടു പേര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു.
അടുക്കള സമരം, ചിത്രകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനം, വിദ്യാര്‍ത്ഥി പാര്‍ലിമെന്റ് തുടങ്ങി വ്യത്യസ്തമായ സമരമുറകളിലൂടെ സമരം മാധ്യമശ്രദ്ധ നേടി. ചേലോറയില്‍ ഞങ്ങളുടെതിനെക്കാള്‍ വലിയ പ്രശ്‌നമാണ്. മോശമായ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ശുദ്ധ ജലം അവര്‍ക്ക് ലഭ്യമല്ല. എന്നാല്‍ ആ സമരത്തെക്കാള്‍ മാധ്യമശ്രദ്ധ നേടിയത് ഞങ്ങളുടെ സമരത്തിനാണ്. സി.ആര്‍ നീലകണ്ഠന്‍, വിളയൊടി വേണുഗോപാല്‍ തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരെയും സമരത്തില്‍ പങ്കെടുപ്പിച്ചു. ഇതിന് പുറമെ സമരപ്പന്തലില്‍ മാലിന്യ സംസ്‌കരണം വീട്ടില്‍വെച്ച് എങ്ങിനെ സാധ്യമാക്കും എന്നതിനെച്ചൊല്ലി ക്ലാസുകള്‍ നടന്നു. പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി എന്ന ക്യാമ്പയിന്‍ നടന്നു. സമരം നീണ്ടു പോയപ്പോള്‍ പന്തലില്‍ വെച്ച് മെഴുകുതിരി, അഗര്‍ബത്തി നിര്‍മ്മാണം എന്നിവ നടത്തി വ്യത്യസ്തമായ മാര്‍ഗ്ഗം സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമാണ് സമരപ്പന്തലില്‍ കാര്യമായി ഉണ്ടായിരുന്നത്. ഒരു പാട് ത്യാഗം സഹിച്ച് സ്ത്രീകള്‍ ഏറ്റെടുത്ത സമരം കൂടിയായിരുന്നു അത്. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടിലെ കാര്യങ്ങളുമെല്ലാം അവഗണിച്ചുകൊണ്ടാണ് അവര്‍ സമരത്തില്‍ പങ്കെടുത്തത്.
മറ്റൊരു സംഭവം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ മുസ്‌ലിം സ്ത്രീകളായിരുന്നു സമരത്തില്‍ കൂടുതല്‍ പങ്കെടുത്തത്. മറ്റുമത വിഭാഗത്തിലുള്ളവരും ഉണ്ടായിരുന്നു. എല്ലാവരും ഉപരി മധ്യവര്‍ഗ്ഗ ക്ലാസാണ്. ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലുള്ളവരാണ് അധികവും. മധ്യവര്‍ഗ്ഗത്തിലെ സ്ത്രീകള്‍ ഇത്തരത്തില്‍ സമരത്തിലേക്ക് വരുന്നത് കേരളത്തില്‍ അപൂര്‍വ്വമാണ്. അത്തരത്തിലുള്ളൊരു പ്രാധാന്യവും ഇതിനുണ്ട്. സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കാന്‍ കഴിയാത്ത സ്ഥിതി, മന്ത്, മെനിഞ്ചൈറ്റിസ്, ചര്‍മ്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഇനിയും സഹിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചാണ് അവര്‍ സമരത്തിനെത്തിയത്. ജനം തിരഞ്ഞെടുത്ത നേതാക്കള്‍ തങ്ങളെ വഞ്ചിക്കുന്നത് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ അപ്പോഴാണ് കണ്ണൂര്‍ ചേലോറയില്‍ മാലിന്യ വിരുദ്ധ സമരത്തിന് നേരെ പോലീസ് നടപടിയുണ്ടാവുന്നത്. യഥാര്‍ത്ഥത്തില്‍ അവിടെ പോലീസ് നടപടിയ്ക്ക് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ നഗരസഭ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ചേലോറ സമരത്തിന് സി.പി.ഐ.എം സഹായവും ഉണ്ടായിരുന്നു. എന്നാല്‍ സി.പി.ഐ.എമ്മിലെ ഒരു വിഭാഗം കെ.സുധാരനെ സ്വാധീനിച്ച് ചേലോറ സമരത്തിന് നേരെ പോലീസ് നടപടിയെടുപ്പിക്കുകയായിരുന്നു. പെട്ടിപ്പാലത്ത് പോലീസ് നടപടിയെടുക്കുന്നതിന് വഴിയൊരുക്കുകയായിരുന്നു സി.പി.ഐ.എമ്മിന്റെ ലക്ഷ്യം. മാലിന്യ വിരുദ്ധ സമരങ്ങള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന സന്ദേശമായിരുന്നു അത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.
പെട്ടിപ്പാലത്ത് പോലീസ് നടപടിയില്‍ ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന സംഭവമുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പോലീസ് തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. സമര നേതാവ് അബ്ദുല്‍ നാസറിന്റെ മുഖത്ത് ഡി.വൈ.എസ്.പി അടിച്ച സംഭവമുണ്ടായി. സ്ത്രീകള്‍ക്ക് നേരെ പോലീസ് കയ്യോങ്ങി. നാസറിന്റെ കുട്ടിയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യമാണ് നാം മാധ്യമങ്ങളിലൂടെ കണ്ടത്. അതിനായി നെയിം ബോര്‍ഡ് വെക്കാത്ത പോലീസുകാരെ ഇറക്കിയിരുന്നു. റെയില്‍ മുറിച്ച് കടക്കുന്നതിനിടെ കുട്ടിയെ പാളത്തില്‍ തനിച്ചാക്കി മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തുകൊണ്ടു പോകുന്ന സംഭവമുണ്ടായി. പോലീസിന്റെ അതിക്രൂരമായ അക്രമത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ സംഭവ ദിവസം കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ ആക്രമണമുണ്ടായി. അതേസമയം ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന മുനിസിപ്പാലിറ്റിയുടെ പുതിയ മാലിന്യ വാഹനം കത്തിക്കപ്പെട്ടു. പോലീസും നാട്ടുകാരും നോക്കിനില്‍ക്കെ കടല്‍ വഴി ബോട്ടിലെത്തിയ സംഘം പെട്രോള്‍ ബോംബെറിഞ്ഞാണ് വാഹനം കത്തിച്ചത്. ബോട്ടില്‍ തന്നെ അവര്‍ രക്ഷപ്പെടുകയും ചെയ്തു. ഏറെ ദുരുഹമായ സംഭവത്തില്‍ സമരക്കാര്‍ക്ക് നേരെ കേസെടുക്കാനാണ് മുനിസിപ്പാലിറ്റി പോലീസിനോട് നിര്‍ദേശിച്ചത്. അവര്‍ 30 പേരുടെ പേര് പോലീസിന് നല്‍കി കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മുനിസിപ്പാലിറ്റി നല്‍കിയ ലിസ്റ്റില്‍പ്പെട്ട പലരും അപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. അതുകൊണ്ട് മുനിസിപ്പാലിറ്റി പറഞ്ഞ പ്രകാരം കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സമരക്കാരെ ഗുരുതരമായ കേസില്‍പ്പെടുത്താന്‍ ചിലര്‍ നടത്തിയ ആസൂത്രിത നീക്കമാണിതെന്ന് ഞങ്ങള്‍ സംശയിക്കുന്നുണ്ട്.
സമരക്കാര്‍ക്ക് നേരെ പോലീസ് ഭീകരതയാണിപ്പോള്‍ നടക്കുന്നത്. പ്രദേശം ഇപ്പോള്‍ പോലീസ് ബന്ദവസ്സിലാണ്. സമരക്കാരോട് ഏറ്റവും മോശമായി പെരുമാറിയത് തലശ്ശേരി ഡി.വൈ.എസ്.പിയാണ്. ഇയാള്‍ക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് ആറ് പേരെ അറസ്റ്റു ചെയ്തിരിക്കയാണ്. സംഭവത്തില്‍ മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകന്‍ റഷീദ് ഇല്ലിക്കലിന് വക്കീല്‍ നോട്ടീസ് വന്നിട്ടുണ്ട്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് അധികാരികളുടെ നീക്കം. അതിനു വേണ്ടി നിയമത്തെയും പോലീസിനെയും ഉപയോഗിക്കുന്നു. എന്നാല്‍ ആത്യന്തികമായി അവര്‍ തന്നെ നിയമലംഘനം നടത്തുകയും ചെയ്യുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കിയെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ എല്ലാ ദിവസവും ട്രഞ്ചിങ് ഗ്രൗണ്ടിന് മുന്നില്‍ സംഗമിക്കും. മാലിന്യ വാഹനങ്ങള്‍ വന്നാല്‍ എന്ത് വിലകൊടുത്തും തടയാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.