ഇടുക്കി: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. നേരത്തെ 28 മരണങ്ങളായിരുന്നു സ്ഥിരീകരിച്ചിരുന്നത്.
ഇനി 17 കുട്ടികളടക്കം 28 പേരെയാണ് കണ്ടെത്താനുള്ളത്. അവശേഷിക്കുന്നവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് ഇവിടെ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
57 പേരടങ്ങുന്ന രണ്ട് എന്‍.ഡി.ആര്‍.എഫ് ടീമും ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമും കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ പ്രത്യേക പരിശീലനം നേടിയ ടീമുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
പത്ത് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് പ്രദേശത്തെ കല്ലും മണ്ണും മാറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മൂന്ന് ദിവസം കൂടി തെരച്ചില്‍ തുടരുമെന്ന് എന്‍.ഡി.ആര്‍.എഫ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍തന്നെ ഇന്നലെ സംസ്‌കരിച്ചിരുന്നു. ലയങ്ങള്‍ നിന്നിരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മണ്ണ് നീക്കിയും മണ്ണിടിച്ചിലില്‍ ഒഴുകിയെത്തിച്ച വലിയപാറകള്‍ നീക്കംചെയ്തുമാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. സമീപത്തുകൂടി ഒഴുകുന്ന പുഴയിലൂടെ ആളുകള്‍ ഒഴുകി പോകുന്നതിനുള്ള സാധ്യതകളും കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
അതേസമയം പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച അഗ്‌നി ശമനസേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള 25 അംഗ സംഘത്തെ തിരിച്ചയച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക