പെട്ടിമുടി കേരളത്തോട് പറയുന്നത്
DISCOURSE
പെട്ടിമുടി കേരളത്തോട് പറയുന്നത്
ടി.സി. രാജേഷ്
Monday, 10th August 2020, 8:55 pm

ആഗസ്റ്റ് ആറ് വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കു തൊട്ടുമുന്‍പാണ് മൂന്നാറില്‍ നിന്ന് മുപ്പത് കിലോമീറ്ററോളം അകലെയുള്ള പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത്. ഏഴെട്ടു മണിക്കൂര്‍ ഒരാള്‍പോലും എത്തിനോക്കാനില്ലാതെ നാല് ലെയ്‌നുകളിലെ ഇരുപതോളം വീടുകളില്‍ താമസിച്ചിരുന്ന എണ്‍പതിലേറെ ആളുകള്‍ ചെളിയിലും മണ്ണിലും പുതഞ്ഞു കിടന്നു. കടുത്ത കാറ്റും മഴയും തണുപ്പും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍. സൂര്യന്‍ ഉദിച്ചുവരും മുന്‍പ് വിവരമറിഞ്ഞെത്തിയ പ്രദേശവാസികളില്‍ ചിലര്‍, മണ്ണിനുമുകളിലേക്ക് ജീവന്റെ തുടിപ്പുകള്‍ നീട്ടിനിന്ന ചിലരെ പുറത്തെടുത്തു. പിന്നെയും കുറേ മണിക്കൂറുകള്‍ കഴിഞ്ഞ് പുറംലോകത്തു നിന്ന് ആളുകളെത്തിത്തുടങ്ങി.

അപ്പോള്‍ എഴുപതോളം പേരാണ് ആ മണ്ണിനടിയിലെവിടെയൊക്കെയോ രാത്രി പുതച്ചു കിടന്ന പുതപ്പിനുള്ളില്‍ ശ്വാസം നിലച്ച് നിത്യമായ ഉറക്കിത്തിലാണ്ടുകിടന്നത്. ഇപ്പോള്‍ മൂന്നു ദിവസം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും പകുതിപ്പേരെ മാത്രമേ പുറത്തെടുക്കാനായിട്ടുള്ളു. ഇനിയും ഇരുപതിലേറെപ്പേര്‍ മണ്ണിനടിയിലുണ്ടെന്നാണ് സൂചന. അവരെയെല്ലാം എപ്പോഴത്തേക്ക് പുറത്തെടുക്കാനാകുമെന്നോ എല്ലാവരേയും കണ്ടെത്താനാകുമെന്നോ എന്നൊന്നും യാതൊരു ഉറപ്പുമില്ല. കേരളത്തിലുണ്ടായിട്ടുള്ള ചെറുതും വലുതുമായ പല പ്രകൃതിദുരന്തങ്ങളിലും കാണാതായ പലരും ഇന്നും കണ്ടെത്താനാകാതെ മണ്ണിനടയില്‍ തന്നെയാണ്.

കനത്ത മഴ. രക്ഷാപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മലമ്പാത. മൊബൈല്‍ ഉള്‍പ്പെടെ യാതൊരു വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇല്ലാത്തയിടം. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ പോലും കിലോമീറ്ററുകളോളം ദുരിത യാത്ര ആവശ്യം. ഒറ്റമുറിലയത്തിനുള്ളില്‍ അഞ്ചും പത്തും പേരടങ്ങുന്ന കുടുംബം. മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാത്തവര്‍. അങ്ങനെപോകുന്നു പെട്ടിമുടിയുടെ കദനങ്ങള്‍.

നേരത്തേ, മൂന്നാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇടമലക്കുടിയായിരുന്നു. ഇടമലക്കുടി, പഞ്ചായത്തായി മാറിയതോടെ പെട്ടിമുടി ഉള്‍പ്പെടുന്ന രാജമല വാര്‍ഡ് ഒന്നാം വാര്‍ഡായി മാറി. മൂന്നാറില്‍ നിന്ന് ഇടമലക്കുടിക്കു പോകുന്നവര്‍ക്ക് പെട്ടിമുടിയിലെത്താതെ പോകാനാകില്ല.
ഇവിടെ വരെ മാത്രമേ വാഹനസൗകര്യമുള്ളു. അതും എസ്റ്റേറ്റിനുള്ളിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന വീതികുറഞ്ഞ ഇടുങ്ങിയ റോഡ്. രാജമലയില്‍ നിന്ന് ഏഴുകിലോമീറ്ററോളം വരും പെട്ടിമുടിയിലേക്ക്. പെട്ടിമുടിയില്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയിലത്തോട്ടങ്ങള്‍ അവസാനിക്കും. പിന്നെ കാടാണ്.

തോട്ടവും കാടും അതിരിടുന്നിടമാണ് കുന്ന്. ഇടമലക്കുടി യാത്രയുടെ ഇടത്താവളമാണ് പെട്ടിമുടി എന്നതിനാലാണ് പലര്‍ക്കും ഈ സ്ഥലത്തോട് വൈകാരികമായ ഒരടുപ്പമുള്ളത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ ചെക് പോസ്റ്റ് കടന്നുമാത്രമേഇവിടേക്ക് ആളുകള്‍ക്ക് പോകാനാകൂ. സഞ്ചാരികള്‍ക്കും പെട്ടിമുടിയിലേയും ഇടമലക്കുടിയിലേയും താമസക്കാര്‍ക്കും മാത്രമേ ഇവിടേക്കായി വനംവകുപ്പ് ചെക് പോസ്റ്റ് തുറന്നുകൊടുക്കൂ. യാത്രപോലും നിയന്ത്രിക്കപ്പെടുന്ന ഒരു തലമുറയെച്ചൊല്ലി, ഗതാഗത സൗകര്യമോ ചികില്‍സാ സൗകര്യമോ ലഭ്യമല്ലാത്തവരുടെ ദുരവസ്ഥയെച്ചൊല്ലി പലരും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്.

താമസക്കാരായ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കു മാത്രമായി യാത്രസൗകര്യം നിയന്ത്രിച്ചിട്ടുള്ള കേരളത്തിലെ ഏക സ്ഥലമൊന്നുമല്ല പെട്ടിമുടി. അതിനുമപ്പുറമുള്ള ഇടമലക്കുടി തന്നെ ഏറ്റവും നല്ല ഉദാഹരണം. കേരളത്തില്‍ വാഹനമെത്താത്ത ഏക പഞ്ചായത്താണത്. വൈദ്യുതിക്ക് സോളാര്‍ മാത്രമാണാശ്രയം. ഗുരുതരമായി രോഗം ബാധിച്ചവരെ ചുമന്നുവേണം മൂന്നാറിലെത്തിക്കാന്‍. അതിന്റെ ഇടയില്‍ വാഹനമെത്തിച്ചേരുന്ന സ്ഥലമാണ് പെട്ടിമുടി. കേരളത്തില്‍തന്നെ ഗവിയിലും പറമ്പിക്കുളത്തുമൊക്കെ ഇത്തരത്തില്‍ വനഭൂമിയായതിനാല്‍ യാത്രക്ക് നിയന്ത്രണങ്ങളുണ്ട്. പറമ്പിക്കുളത്തെ ആദിവാസിക്കുടികളിലെത്തണമെങ്കില്‍ കേരളത്തില്‍ നിന്നു വഴിപോലുമില്ല. പൊള്ളാച്ചിയില്‍ നിന്ന് തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ഫോറസ്റ്റ് ചെക് പോസ്റ്റുകള്‍ കടന്നുമാത്രമേ പറമ്പിക്കുളത്ത് എത്താനാകൂ.

ഇടുക്കിയിലെ തോട്ടം മേഖല വനത്തിന്റെ നിയന്ത്രണങ്ങള്‍ക്കു വെളിയിലാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരുടെ പിന്മുറക്കാരാണ് അവിടുത്തെ തൊഴിലാളികള്‍. റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡിയുമൊക്കെയുണ്ടെങ്കിലും സ്വന്തമായി അവര്‍ക്ക് ഇവിടെ ഒരു തുണ്ടു ഭൂമിപോലുമില്ല. മൂന്നാര്‍
പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ 18 എണ്ണവും ടാറ്റയുടെ എസ്റ്റേറ്റ് മേഖലയാണ്. മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് എസ്റ്റേറ്റിനു പുറത്തുള്ളത്. തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ തൊഴിലാളികള്‍ കമ്പനി വക ലയങ്ങളില്‍ താമസിക്കും. റിട്ടയേഡ് ആകുമ്പോള്‍ ലയം വിട്ടു പോകണം. മുക്കാല്‍ സെന്റിലാണ് ഒരു വീട്. ഒരു മുറി, അടുക്കള. അഞ്ചു മുതല്‍ 12 പേര്‍ വരെ താമസിക്കുന്ന ലൈന്‍വീടുകളുണ്ട്.  ലൈന്‍ വീട് നിലനിറുത്താനാണ് പലരും തോട്ടത്തില്‍ പണിക്കുപോകുന്നതുതന്നെ.

ഓരോ ലയത്തിലേയും ഒന്നോ രണ്ടോ പേര്‍ മാത്രമാണ് എസ്റ്റേറ്റിലെ തൊഴിലാളികള്‍. പുരുഷന്മാരില്‍ ഏറെപ്പേരും ഡ്രൈവര്‍മാരും മേസ്തിരിപ്പണിക്കാരുമൊക്കെയായി മാറിക്കഴിഞ്ഞു. പത്താംക്ലാസ് വിദ്യാഭ്യാസമുള്ളതില്‍ 90% പേരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോലും പേരു ചേര്‍ത്തിട്ടില്ല. സ്‌കൂള്‍ വിദ്യാഭ്യാസവും കഴിഞ്ഞ് 18 വയസ്സാകുമ്പോള്‍ മൂന്നാറിലെ ചെറുപ്പക്കാര്‍ ഓട്ടോ ഡ്രൈവര്‍മാരും ജീപ്പ് ഡ്രൈവര്‍മാരുമാകും. മൂന്നാറില്‍ വന്നിറങ്ങുന്ന ടൂറിസ്റ്റുകളാണ് ഇവരുടെ ലക്ഷ്യം.

ആ പെട്ടിമുടിയില്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കപ്പെട്ടവരെ സംസ്‌കരിക്കാന്‍ പോലും ഭൂമിയില്ലാത്തതിനെച്ചൊല്ലി പലരും വിലപിക്കുന്നതുകേട്ടു. ഇപ്പറയുന്ന ഭൂമിപ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ മാത്രം പ്രശ്നവുമല്ല.
സംസ്‌കരിക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ വീടുകളുടെ അടുക്കളയില്‍ വരെ മൃതദേഹം സംസ്‌കരിക്കുന്നുവെന്നൊക്കെ വാര്‍ത്തകള്‍ വരുന്ന നാടാണിത്. മൂന്നാറില്‍ ടാറ്റ വലിയതോതില്‍ പുറമ്പോക്ക് ഭൂമി കയ്യടക്കി വച്ചിട്ടുണ്ട്. പക്ഷേ, ഭൂരഹിതരായ
തൊഴിലാളികള്‍ക്കായി ആ ഭൂമി ഏറ്റെടുത്തുകൊടുക്കല്‍ ദുഷ്‌കരമാണ്. ടാറ്റയുടെ കൈവശമല്ലാത്ത ഭൂമിയില്‍ പോലും അത് നടക്കുന്നില്ല. സ്വന്തമായി ഭൂമി കിട്ടിയാല്‍ തൊഴിലാളികള്‍ കമ്പനിയിലെ പണി നിറുത്തി പോകുമെന്ന് ടാറ്റ ഭയക്കുന്നുമുണ്ട്. പല ലയങ്ങളിലും ഇപ്പോള്‍ താമസിക്കുന്നവര്‍ മൂന്നു തലമുറകളായി ടാറ്റയുടെ തോട്ടത്തിലെ പണിക്കാരാണ്. സ്വന്തമായി ഭൂമിയും വീടും കിട്ടിയാല്‍ അവര്‍ ടാറ്റയുടെ തോട്ടത്തിലെ പണി ഉപേക്ഷിച്ച് വേറേ വരുമാനമാര്‍ങ്ങള്‍ തേടി പോയാല്‍ അത്ഭുതപ്പെടേണ്ടതുമില്ല. ഇടുക്കിയിലെ എസ്റ്റേറ്റ് ലയങ്ങളിലെവിടെയെങ്കിലും മരണം നടന്നാല്‍ സംസ്‌കാരം നടത്തുന്നതിനായി അതത് എസ്റ്റേറ്റില്‍തന്നെ പൊതുവായി ചിലസ്ഥലങ്ങള്‍ തിരിച്ചിട്ടിട്ടുണ്ടാകും. അത് തേയില കൃഷിയില്ലാതെ കാടുപിടിച്ചുകിടക്കുന്ന ഏതെങ്കിലും കുന്നിന്‍മുകളോ കുന്നിന്‍ചരിവോ ആയിരിക്കും. അതാണ് അവിടുത്തെ പൊതുശ്മശാനം. മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനു പകരം കുഴിച്ചിടുകയാണ് ചെയ്യുന്നത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്കൊന്നും അവിടെ മൃതശരീരം അടക്കുന്നതില്‍ പരാതികളുണ്ടാകാറില്ല. പെട്ടിമുടിയിലെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അത്തരം സ്ഥലങ്ങളില്‍ കൊണ്ടുപോയി സംസ്‌കരിക്കുന്നതിനുപകരം അധികൃതരും എസ്റ്റേറ്റ് മാനേജ്മെന്റും കണ്ടെത്തിയത് ലയത്തിനു സമീപത്തുതന്നെയുള്ള ഒരു ചെറു മൈതാനമായിരുന്നു. അവിടെ നെടുനീളത്തില്‍ കുഴിയെടുത്ത്, പെട്ടികളിലാക്കിയ മൃതദേഹങ്ങള്‍ ചേര്‍ത്തു കിടത്തി മണ്ണിട്ടു മൂടി. എല്ലാ ആദരവോടും കൂടിത്തന്നെ. കര്‍മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കള്‍ അവശേഷിച്ചവര്‍ക്ക് അതിനുള്ള അവസരവും നല്‍കി. എന്നിട്ടും മൃതദേഹങ്ങള്‍ കാട്ടില്‍ കൊണ്ടുപോയി കൂട്ടത്തോടെ കുഴിച്ചിട്ടുവെന്നൊക്കെ ചിലര്‍ പ്രചരിപ്പിച്ചു.

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷവും പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷവും നഷ്ടപരിഹാരമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ വിവേചനമായിരുന്നു മറ്റൊരു വിഷയം. പെട്ടിമുടിയിലെ ദുരിതാശ്വാസം കേവലം നഷ്ടപരിഹാരത്തിലൊതുക്കാനാകില്ലെന്നും അവിടെ സമഗ്രമായ പുനരധിവാസമാണ് ആവശ്യമെന്നും അഞ്ചുലക്ഷം പ്രാഥമികമായി നല്‍കുന്ന സഹായം മാത്രമാണെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

പല കുടുംബങ്ങളിലും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം വാങ്ങാന്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കയ്യില്‍ അഞ്ചുലക്ഷം രൂപ കിട്ടിയതുകൊണ്ട് ഇവര്‍ക്ക് ഭാവിജീവിതം മെച്ചപ്പെടുത്താനോ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ സാധിക്കില്ല. പെട്ടിമുടിയിലുള്‍പ്പെടെ സര്‍ക്കാര്‍ തലത്തില്‍ ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചാല്‍ അതുതന്നെയായിരിക്കും ഏറ്റവും ഉത്തമം. എട്ടും പത്തുംപേര്‍ ഒറ്റമുറി വീടുകളില്‍ കഴിയുന്ന സ്ഥിതി മാറണം. ഇവര്‍ക്ക് ഭൂമി ലഭ്യമാക്കാനാകുമോ എന്നു പരിശോധിക്കണം.

അല്ലെങ്കില്‍ലയങ്ങള്‍ മാറ്റി അവിടെ മെച്ചപ്പെട്ട വീടുകള്‍ പണിയുകയും കമ്പനിയില്‍ നിന്ന് വാടക ഈടാക്കി തൊഴിലാളികള്‍ക്ക് അത് താമസിക്കാന്‍ നല്‍കുകയും ചെയ്യാനാകുമോ എന്നു പരിശോധിക്കണം. മൂന്നാര്‍ പഞ്ചായത്തിലെ വൈദ്യുതിച്ചാര്‍ജ് പോലും പഞ്ചായത്ത് ടാറ്റ കമ്പനിക്കാണ് നല്‍കുന്നതെന്ന് അറിയുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുക. ഇതൊരു പെട്ടിമുടിയുടെ മാത്രം കഥയല്ല. കേരളത്തിലെ ദളിത് കോളനികളുടെ, ആദിവാസി കുടികളുടെ ഒക്കെ അവസ്ഥയാണ്. ടാറ്റയുടേതുള്‍പ്പെടെയുള്ള എസ്റ്റേറ്റ് ലയങ്ങളില്‍ നല്ലൊരു പങ്കിന്റേയും കഥയാണ്. ഉരുള്‍പൊട്ടല്‍ ഒരു ഭൂഭാഗത്തെ മുഴുവന്‍ ഇല്ലാതാക്കിയപ്പോള്‍ പെട്ടിമുടി വാര്‍ത്തകളിലേക്കെത്തുകയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തുവെന്നുമാത്രം.

അടച്ചുറപ്പുള്ളതും അടിസ്ഥാനസൗകര്യങ്ങളുമുള്ള ഒരു വീട്, ആവശ്യത്തിന് ഗതാഗത വാര്‍ത്താവിനിമയ വിദ്യാഭ്യാസ ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങിയവയൊന്നുമില്ലാത്ത എത്രയോ ജീവിത ഇടങ്ങള്‍. അവരുടെ തൊഴിലും സംസ്‌കാരവും ജീവിതരീതികളുമൊക്കെ അതേപടി നിലനിറുത്തി വികസനമെത്തിക്കുകയെന്നത് അത്ര എളുപ്പമുള്ള ഒരു കാര്യവുമല്ല. മൂന്നാറില്‍ വിനോദസഞ്ചാര സീസണെത്തിയാല്‍ വാഹനത്തിരക്കുകൊണ്ട് ശ്വാസംമുട്ടും. മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കും. ഒരു അത്യാഹിതം സംഭവിച്ചാല്‍ അതിനിരയാകുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ പോലുമാകില്ലെന്നു വരും.

ഏതാനും നാള്‍ മുന്‍പ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സംഭവിച്ചത് അതാണ്. നെഞ്ചുവേദനയുണ്ടായ അദ്ദേഹത്തെ കോവില്‍ക്കടവില്‍ നിന്ന് മൂന്നാറില്‍പോലും എത്തിക്കാനായില്ല. വഴിയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് അദ്ദേഹം മരിച്ചു.

അത്യാവശ്യം നല്ല ഗതാഗത സൗകര്യമുള്ളിടത്ത് ഒരു ജനപ്രതിനിധിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ? മൂന്നാര്‍ പഞ്ചായത്തിലെ ലക്കം കുടിയില്‍ രണ്ടുവര്‍ഷം മുന്‍പുവരെ വൈദ്യുതി പോലും എത്തിയിരുന്നില്ല. ഇപ്പോള്‍
വൈദ്യുതി എത്തിയോ എന്നറിയില്ല. അറുപതോളം ആദിവാസികള്‍ താമസിക്കുന്ന കുടിയാണിത്. ഇത്തരത്തില്‍ തോട്ടങ്ങള്‍ക്കുള്ളിലായി പലയിടത്തും ഒറ്റപ്പെട്ട ലയങ്ങളുണ്ട്. അവിടെ താമസിക്കുന്നവരുടെയെല്ലാം ജീവിത സാഹചര്യം മെച്ചപ്പെടും വിധത്തിലുള്ള പദ്ധതികള്‍ ഈ
പശ്ചാത്തലത്തിലെങ്കിലും ആലോചിക്കേണ്ടതുണ്ട്. ടാറ്റയുടെ സി.എസ്.ആര്‍ ഫണ്ടും സര്‍ക്കാര്‍ സഹായവും എല്ലാം ചേര്‍ത്ത് ഇത് നടപ്പാക്കാവുന്നതേയുള്ളു. അതിനുള്ള മുന്‍കൈ സര്‍ക്കാര്‍ കൈക്കൊള്ളുകയും തോട്ടം തൊഴിലാളികളുടെ പുനരധിവാസത്തിനുള്‍പ്പെടെ മാര്‍ഗങ്ങള്‍ കൈക്കൊള്ളുകയുമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യം. പക്ഷേ, ആ വികസനം ദേവികുളം- മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ നടക്കുന്ന ദേശീയപാത വീതികൂട്ടല്‍ പോലെ പ്രകൃതിയെ ചൂഷണം ചെയ്തു നശിപ്പിക്കാനുള്ളതായി മാറരുതെന്നുമാത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടി.സി. രാജേഷ്
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, മീഡിയാ മാനേജ്‌മെന്റ് വിദഗ്ധന്‍